നടൻ പ്രഭാസിനെ കുറിച്ച് ഉള്ളുതുറന്ന് നാനി. പ്രഭാസ് വളരെ നല്ല മനുഷ്യനാണെന്നും ഇത്രയും താരപ്രഭാവവും വലിയ സ്ഥാനമാനങ്ങളും ഉണ്ടായിട്ടും ഉള്ളിലെ നന്മ കാത്തുസൂക്ഷിക്കുക എന്നത് അത്ര എളുപ്പമല്ലെന്നും നാനി പറഞ്ഞു. രാജ് ഷമാനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നാനി പ്രഭാസിനെ കുറിച്ച് സംസാരിച്ചത്.
'അപൂർവമായിട്ടാണെങ്കിലും പ്രഭാസ് അണ്ണനൊപ്പം എനിക്ക് ചില നല്ല നിമിഷങ്ങൾ ചിലവഴിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. പ്രഭാസ് വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പൊസിഷൻ വെച്ച് അങ്ങനെയൊരു നല്ല മനുഷ്യനായിരിക്കാൻ അത്ര എളുപ്പമല്ല. ആളുകൾ അദ്ദേഹത്തെ കുറിച്ച് ഇപ്പോൾ ഞാൻ പറഞ്ഞതുപോലെ നേരിട്ട് പറയണമെന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ആ വ്യക്തിത്വം എല്ലാവരിലേക്കും എത്തും, എല്ലാവർക്കും അത് മനസിലാകും,' നാനി പറഞ്ഞു.
തെലുങ്ക് സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചും നാനി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. റാണ ദഗുപതിയും ജൂനിയർ എൻടിആറും അല്ലാരി നരേഷുമെല്ലാം തന്റെ നല്ല സുഹൃത്തുക്കളാണെന്ന് നാനി പറഞ്ഞു.
അതേസമയം, നാനി നായകനായി എത്തിയ ഹിറ്റ് 3 തിയേറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. ആഗോളതലത്തിൽ ചിത്രം 50 കോടി പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നും 40 കോടിയ്ക്ക് മുകളിലാണ് ചിത്രം നേടിയത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.
ചിത്രത്തിലെ നായിക ശ്രീനിധി ഷെട്ടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമായാണ് ഹിറ്റ് 3 എത്തിയത്.
Content Highlights: Nani praises Prabhas, calls him a good man