ജാട്ട്, വീര സിംഹ റെഡ്ഡി തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് ഗോപിചന്ദ് മലിനേനി. ഈ സിനിമകള് ബോക്സ് ഓഫീസിലും വലിയ വിജയമാണ് കാഴ്ചവെച്ചത്. നടൻ വിജയ്യെ നായകനാക്കി ഒരു ചിത്രം ഗോപിചന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ഗോപിചന്ദ്. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ മുൻനിർത്തി ഒരു തെലുങ്ക് സംവിധായകനുമൊത്ത് സിനിമ ചെയ്യാതിരിക്കാൻ വിജയ്ക്ക് സമ്മർദ്ദം ഉണ്ടായെന്ന് മനസുതുറക്കുകയാണ് സംവിധായകൻ.
'വീരസിംഹ റെഡ്ഡി പൂർത്തിയാക്കിയ ഉടനെ ഞാൻ ഒരു കഥ തയ്യാറാക്കി വിജയ് സാറിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അത് വളരെ ഇഷ്ടപ്പെടുകയും ആദ്യ മീറ്റിംഗിൽ തന്നെ സ്ക്രിപ്റ്റ് ഓക്കേ പറയുകയും ചെയ്തു. 'സിനിമ പ്രഖ്യാപിക്കാൻ പദ്ധതിയിടുന്ന സമയത്താണ് വിജയ് സാർ രാഷ്ട്രീയത്തിൽ ചേരുന്ന വാർത്ത ഔദ്യോഗികമായി വന്നത്. അപ്പോൾ ചുറ്റുമുള്ള ആളുകൾ അദ്ദേഹത്തോട് ഒരു തെലുങ്ക് സംവിധായകനെ തിരഞ്ഞെടുക്കുന്നതിന് പകരം ഒരു തമിഴ് ചലച്ചിത്രകാരനെ അടുത്ത പ്രോജക്റ്റിനായി തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഇതിനകം ഒരു തെലുങ്ക് സംവിധായകനുമായി വാരിസ് എന്ന സിനിമ ചെയ്തിരുന്നു, അതിനാൽ തെലുങ്ക് സംവിധായകനെ വീണ്ടും തിരഞ്ഞെടുക്കരുതെന്ന് വിജയ് സാറിന് സമ്മർദ്ദം ഉണ്ടായിരുന്നു', ഗോപിചന്ദ് മലിനേനി പറഞ്ഞു.
സണ്ണി ഡിയോളിനെ നായകനാക്കി ഒരുക്കിയ ജാട്ട് ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഗോപിചന്ദ് ചിത്രം. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ 100 കോടി കടന്നിരുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടി.ജി.വിശ്വപ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമിച്ചത്. രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരായിരുന്നു ജാട്ടിലെ മറ്റു പ്രധാന താരങ്ങൾ.
Content Highlights: Gopichand Malineni talks about why Vijay film was dropped