'ചേട്ടൻ്റെ സിനിമകൾ കൂടുതലും കണ്ടത് കോഴിക്കോട് നിന്ന്, സുകുമാരിയാന്റി വഴിയാണ് വിവാഹാലോചന നടത്തിയത്': സുചിത്ര

"മോഹൻലാലിന് അക്കാലത്ത് സ്ഥിരമായി കാർഡ് അയക്കുമായിരുന്നു. ഒരു ദിവസം തന്നെ അഞ്ച് കാർഡുകളൊക്കെ അയച്ചിരുന്നു"

മോഹൻലാലുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്നുപറഞ്ഞ് നടന്റെ ഭാര്യയും നിർമാതാവുമായ സുചിത്ര മോഹൻലാൽ. രേഖ മേനോന്റെ എഫ് ടി ക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്ര മനസുതുറന്നത്.

വിവാഹത്തിനെ കുറിച്ച് വീട്ടിൽ പറഞ്ഞത് താനായിരുന്നെന്നും മോഹൻലാലിന്റെ ആദ്യ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ തന്നെ സിനിമകൾ കണ്ടിരുന്നെന്നും സുചിത്ര വെളിപ്പെടുത്തി. കോഴിക്കോട് നിന്നായിരുന്നു മോഹൻലാലിന്റെ സിനിമകളിൽ കൂടുതലും കണ്ടതെന്നും സുചിത്ര പറഞ്ഞു.

ആദ്യമായി മോഹൻലാലിനെ കണ്ടതിനെ കുറിച്ചും സുചിത്ര അഭിമുഖത്തിൽ പറയുന്നുണ്ട്. 'തിരുവനന്തപുരത്ത് വെച്ചാണ് ആദ്യമായി ചേട്ടനെ കാണുന്നത്. ഒരു കല്യാണത്തിന് പോയതായിരുന്നു. അതിനു മുൻപ് സിനിമകൾ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട്. കോഴിക്കോട് നിന്നാണ് കൂടുതലും സിനിമകൾ കണ്ടിട്ടുള്ളത്. അന്ന് അവധി ദിവസങ്ങളിൽ ആന്റിമാരുടെ കൂടെയാണ് സിനിമ കാണാൻ പോകുന്നത്.

അന്ന് 'എസ് കെ പി' എന്നായിരുന്നു ലാലേട്ടനെ വീട്ടിൽ വിശേഷിപ്പിച്ചിരുന്നത്. ആ വാക്ക് കൊണ്ട് ഉദ്ദേശിച്ചത് സുന്ദര കുട്ടപ്പൻ എന്നാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ തന്നെ അറിയുമോ എന്ന കാര്യം സംശയമാണെന്നും സുചിത്ര പറഞ്ഞു. മോഹൻലാലിന് അക്കാലത്ത് സ്ഥിരമായി കാർഡ് അയക്കുമായിരുന്നു. ഒരു ദിവസം തന്നെ അഞ്ച് കാർഡുകളൊക്കെ അയച്ചിരുന്നെന്നും സുചിത്ര പറഞ്ഞു.

Also Read:

Entertainment News
'മോഹൻലാലും മമ്മൂട്ടിയുമാണ് പവർ ഗ്രൂപ്പെന്ന് അറിയാത്തവർ ആരാണ് എന്നാണ് അദ്ദേഹം ചോദിച്ചത്': സാന്ദ്ര തോമസ്

കാർഡിൽ ഇഷ്ടമുണ്ടെന്ന് തുടങ്ങി പലകാര്യങ്ങളും ഉണ്ടാവുമായിരുന്നെന്നും പക്ഷേ അതിൽ പേരോ, ഒപ്പോ ഒന്നും കൊടുത്തിരുന്നില്ല. എന്നാൽ ആരാണ് അയച്ചതെന്ന് മോഹൻലാൽ കണ്ടെത്തിയെന്നും എന്നാല്‍ എങ്ങനെ കണ്ടെത്തി എന്ന ചോദ്യത്തിന് അതൊക്കെ കണ്ടുപിടിച്ചെന്നായിരുന്നു മറുപടിയെന്നും സുചിത്ര പറഞ്ഞു.

തനിക്ക് വീട്ടിൽ വിവാഹം ആലോചിച്ച് തുടങ്ങിയപ്പോൾ താൻ തന്നെയാണ് ഒരാളെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും അമ്മയോടും ആന്റിമാരോടും തുറന്നുപറഞ്ഞതെന്നും അതാരണെന്ന് ചോദിച്ചപ്പോൾ തിരുവനന്തപുരത്ത് ഉള്ള ആളാണെന്നാണ് പറഞ്ഞതെന്നും സുചിത്ര പറഞ്ഞു.

അച്ഛനോട് പറഞ്ഞ ശേഷമാണ് കല്യാണാലോചനയുമായി മുന്നോട്ട് പോയതെന്നും നടി സുകുമാരിയോടായിരുന്നു തന്റെ അച്ഛൻ മോഹൻലാലിനെ കുറിച്ച് അന്വേഷിച്ചതെന്നും സുചിത്ര പറഞ്ഞു. 'ചേട്ടനും സുകുമാരിയാന്റിയും നല്ല അടുപ്പമുള്ളവരാണ്. ആ വഴിക്കാണ് വിവാഹം അന്വേഷിക്കുന്നതും കല്യാണത്തിലേക്ക് എത്തിയത്' എന്നും സുചിത്ര പറഞ്ഞു.

Content Highlights: Mohanlal's Wife Suchithra open about Their Love Story and Marriage And Actress Sukumari

To advertise here,contact us