സ്വത്ത് തര്‍ക്കം: മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊന്നു, പ്രതി പിടിയില്‍

മൂന്നുദിവസമായി വിവരമില്ലാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ എത്തിയ ബന്ധുക്കളാണ് മൃതദേഹം കാണുന്നത്

തൃശൂര്‍: തൃശൂര്‍ മടവാക്കരയില്‍ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകന്‍ പിടിയില്‍. മടവാക്കര സ്വദേശി രാധാകൃഷ്ണന്‍ ആണ് പുതുക്കാട് പൊലീസിന്റെ പിടിയിലായത്. 89 വയസുകാരനായ കൃഷ്ണനെയാണ് മകന്‍ തലയ്ക്കടിച്ചു കൊന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് നിഗമനം.

ഭൂമി നല്‍കിയിട്ടും അച്ഛന് മകന്‍ ജീവനാംശം നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് കൃഷ്ണന്‍ മകനെതിരെ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. മറ്റൊരു മകന്റെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു കൃഷ്ണന്‍. മൂന്നുദിവസമായി വിവരമില്ലാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ അന്വേഷിച്ച് എത്തിയ ബന്ധുക്കളാണ് മൃതദേഹം കാണുന്നത്.

മരണകാരണം തലക്കടിയേറ്റതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്‍ പിടിയിലായത്. പ്രതി രാധാകൃഷ്ണനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തു.

Content Highlights: A man has been arrested for allegedly killing his father following a property dispute

To advertise here,contact us