തിരുവനന്തപുരം: വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന് സമീപത്തെ റസ്റ്ററന്റിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാൾ വർക്കല പൊലീസിന്റെ പിടിയിൽ. മേലാറ്റിങ്ങൽ കാവുവിള വീട്ടിൽ ആദർശ്(20) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലും സമാനമായ കേസുകൾ നിലവിലുണ്ട്.
ഇക്കഴിഞ്ഞ നാലാം തീയതി പുലർച്ചെയാണ് കേസിനാസ്പദമായ കവർച്ച നടന്നത്. റസ്റ്ററന്റിന്റെ ക്യാഷ് കൗണ്ടറിന് സമീപത്തെ ഗ്ലാസ് അടിച്ചുതകർത്ത സംഘം കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 6,000 രൂപ കവരുകയായിരുന്നു. ഗ്ലാസ് ഉൾപ്പെടെയുള്ളവ തകർത്തതിലൂടെ ഏകദേശം 8,000 രൂപയുടെ നാശനഷ്ടമുണ്ടായതായും കടയുടമ പരാതിയിൽ പറയുന്നു.
സംഭവത്തിന് മുമ്പ് ഒരു യുവാവ് സ്കൂട്ടറിൽ എത്തി രണ്ടുപേരെയും വർക്കല റെയിൽവേ സ്റ്റേഷന് സമീപത്തെ കടയ്ക്ക് മുന്നിൽ ഇറക്കിവിടുന്നതും തുടർന്ന് സ്കൂട്ടറിൽ മടങ്ങിപ്പോകുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മോഷണം നടന്ന റസ്റ്ററന്റിലെയും സമീപ റോഡുകളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
ജോലി സംബന്ധമായി എറണാകുളത്തേക്ക് പോകണമെന്ന് പറഞ്ഞ് യുവാവിനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ യുവാവിനോടൊപ്പം ബൈക്കിൽ റെയിൽവേ സ്റ്റേഷന് സമീപം വന്നിറങ്ങിയത്. തുടർന്ന് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആദർശിനെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ ആദർശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Varkala Restaurant Robbery One of Two-Member Gang Held by Police