നാലാമത് അപ്പർ കുട്ടനാട് ജലോത്സവത്തിൽ തലവടി ചുണ്ടൻ ജേതാക്കൾ. പമ്പാ നദിയിലെ അപ്പർ കുട്ടനാട് വാട്ടർ സ്റ്റേഡിയത്തിലായിരുന്നു ആവേശകരമായ മത്സരം. ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ മേൽപ്പാടം ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.
മറ്റ് വിഭാഗങ്ങളിലും വാശിയേറിയ പോരാട്ടങ്ങളാണ് അരങ്ങേറിയത്. വെപ്പ് എ ഗ്രേഡ് മത്സരത്തിൽ എഫ്ബിസി നക്കവല തുഴഞ്ഞ 'നെപ്പോളിയൻ' വള്ളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സുരേഷ് കാങ്കേരിൽ, സിബി മുട്ടേൽ എന്നിവരായിരുന്നു ഈ വള്ളത്തിന്റെ ക്യാപ്റ്റന്മാർ. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ റെന്നി ഫിലിപ്പോസ് ക്യാപ്റ്റനായ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ 'നിരണം പുണ്യാളൻ' വിജയികളായി.
അപ്പർ കുട്ടനാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരണം, വീയപുരം, കടപ്ര, മാന്നാർ പഞ്ചായത്തുകളിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് ജലമേള സംഘടിപ്പിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജലോത്സവം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കുട്ടനാട് എംഎൽഎ റജി ചെറിയാൻ സമ്മാനദാനം നിർവ്വഹിച്ചു. നാലാമത് അപ്പർ കുട്ടനാട് ജലമേള വൻ വിജയമാക്കിയതിന് മേഖലയിലെ മുഴുവൻ ജനങ്ങൾക്കും അപ്പർ കുട്ടനാട് ബോട്ട് ക്ലബ് നന്ദി രേഖപ്പെടുത്തി.
Content Highlights: Thalavady Chundan emerged victorious at the fourth Upper Kuttanad Water Festival, while Melpadam secured second place in the traditional boat race, adding excitement to the celebrations in Kuttanad.