കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കളായ ഷിജിനെയും അഞ്ജനയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പിതാവ് ഷിജിൻ മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണ് സംഭവം.
നാലുമാസം പ്രായമായ പെൺകുഞ്ഞ് വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വന്നതായും പറഞ്ഞ് മാതാപിതാക്കളായവയൽക്കര സ്വദേശി ഷിജിനും അഞ്ജനയും പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് അസ്വാഭാവിക ഭരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചതോടെ കൊലപാതക സാധ്യതയെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. മാതാവിനെ ചോദ്യം ചെയ്യുകയും കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. ഇതോടെയാണ് കൊലപാതക കാരണം മാതാവ് കുറ്റസമ്മതം നടത്തിയത്. മജിസ്ട്രേറ്റിന്റെ മുൻപിൽ മൊഴിയും രേഖപ്പെടുത്തി. മദ്യപിച്ച് എത്താറുള്ള ഷിജിൻ, കുഞ്ഞ് കരയുന്നത് ഇഷ്ടപ്പെടാതെ മർദ്ദിച്ചെന്നായിരുന്നു മൊഴി. ഇതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മർദ്ദന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് അമ്മയായ അഞ്ജനയുടെ അറസ്റ്റ്.
Content Highlights: kozhikode baby case updates