കൊച്ചി: കളമശ്ശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിംഗ് ഇന്സ്റ്റിറ്റ്യൂട്ടിൽ നവീകരിച്ച ഓട്ടോമൊബൈൽ എൻജിനീയറിംഗ് ലബോറട്ടറി സംസ്ഥാന നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ആൻ്റണി വാലുങ്കൽ ലബോറട്ടറിയുടെ ആശീർവാദ കർമ്മം നിർവഹിച്ചു. സ്ഥാപനത്തിന്റെ മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, പരിശീലനാർത്ഥികൾ, രക്ഷിതാക്കൾ, വ്യവസായ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആധുനിക ഓട്ടോമൊബൈൽ സാങ്കേതികവിദ്യകളിൽ പരിശീലനാർത്ഥികൾക്ക് കൂടുതൽ മികച്ച പ്രായോഗിക പരിശീലനം നൽകുന്നതിനും വ്യവസായ മേഖലയുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനം ഉറപ്പാക്കുന്നതിനുമാണ് നവീകരിച്ച ലബോറട്ടറി സജ്ജീകരിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും തൊഴിൽ അധിഷ്ഠിത നൈപുണ്യ പരിശീലനത്തിൻ്റെയും പ്രാധാന്യം ചടങ്ങിൽ സംസാരിച്ച മന്ത്രി ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. വ്യവസായ മേഖലയുമായി സഹകരിച്ച് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിനും യുവാക്കളെ ഭാവിയിലെ തൊഴിൽ മേഖലകൾക്ക് സജജരാക്കുന്നതിനും ഇത്തരം സംരംഭങ്ങൾ സഹായകരമാകുമെന്നും ഷിബു ബേബി ജോൺ അവകാശപ്പെട്ടു.
ലിറ്റിൽ ഫ്ലവർ എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ആന്റണി ഡോമിനിക്ക് ഫിഗരേദൊ സ്വാഗതം ആശംസിച്ചു. ലബോറട്ടറിയുടെ നവീകരണത്തിന് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി അൻസിറ നാസർ, ആർഎസ്പി ജില്ലാ സെക്രട്ടറി ശ്രീ ജോർജ്ത്തി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. പരിശീലകരായ ജീവനക്കാരും പരിശീലനാർത്ഥി കളും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.
Content Highlights: The renovated Automobile Engineering Lab at Little Flower Engineering Institute has been inaugurated, providing students with modern facilities and advanced technical training opportunities.