സാമ്പത്തിക സുരക്ഷിതത്വമില്ല; വിവാഹവും കുടുംബജീവിതവും വൈകിപ്പിച്ച് ഇന്ത്യന്‍ യുവതലമുറ

ഈ പ്രായപരിധിയിലുള്ള നാലിലൊന്ന് പേർക്കും തങ്ങൾ ആഗ്രഹിച്ചത്ര കുട്ടികളില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

സാമ്പത്തിക സുരക്ഷിതത്വവും ജോലിസ്ഥിരതയും ഇല്ലാത്തത് ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും യുവതലമുറയുടെ വിവാഹ-കുടുംബജീവിത തീരുമാനങ്ങളെ ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ട് (UNFPA) പുറത്തുവിട്ട പുതിയ റിപ്പോർട്ട്. വിവാഹം കഴിക്കാനും കുടുംബം തുടങ്ങാനും ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ പലരും ഈ തീരുമാനങ്ങൾ നീട്ടിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുകയാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

'ലൈവ്സ്, ചോയ്സസ് ആൻഡ് ഫ്യൂച്ചേഴ്സ് — ഡെമോഗ്രഫിക് ഫ്യൂച്ചേഴ്സ് സർവേ' എന്ന പേരിൽ നടത്തിയ ആഗോള പഠനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നവരാണ്. എന്നാൽ സ്ഥിരമായ ജോലി ലഭിക്കാത്തത്, സാമ്പത്തിക അരക്ഷിതാവസ്ഥ, ഉയർന്ന വീട്ടുവാടകയും താമസച്ചെലവും, കുട്ടികളെ വളർത്തുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള വർധിച്ച ചെലവുകൾ എന്നിവയാണ് അവരുടെ ആഗ്രഹങ്ങൾക്ക് തടസ്സമാകുന്നത്.

വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന 35 മുതൽ 39 വയസ്സുവരെയുള്ളവരിൽ 40 ശതമാനത്തിലധികം പേർ സാമ്പത്തിക കാരണങ്ങളാൽ ഇപ്പോഴും അവിവാഹിതരായി തുടരുന്നു. ഈ പ്രായപരിധിയിലുള്ള നാലിലൊന്ന് പേർക്കും തങ്ങൾ ആഗ്രഹിച്ചത്ര കുട്ടികളില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ കണക്കുകളും ഈ പ്രവണത വ്യക്തമാക്കുന്നു. 18 മുതൽ 39 വയസ്സുവരെയുള്ള സ്ത്രീകൾ ശരാശരി 2.1 കുട്ടികളെയും പുരുഷന്മാർ 2.2 കുട്ടികളെയും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ 35–39 പ്രായപരിധിയിലുള്ളവരിൽ യഥാർഥത്തിൽ കുട്ടികളുടെ എണ്ണം ശരാശരി 1.0 മുതൽ 1.1 വരെ മാത്രമാണ്. ഇന്ത്യയുടെ മൊത്തം പ്രത്യുൽപാദന നിരക്ക് (TFR) 2.0 ആയി കുറഞ്ഞ സാഹചര്യവും റിപ്പോർട്ട് പരാമർശിക്കുന്നു.

യുവാക്കൾക്ക് ആവശ്യമായ സാമ്പത്തികവും സാമൂഹികവുമായ പിന്തുണ സർക്കാരുകളിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നത് വെറും 39 ശതമാനം പേർ മാത്രമാണ്. ഇന്ത്യയുൾപ്പെടെ 73 രാജ്യങ്ങളിലെ 18 മുതൽ 39 വയസ്സുവരെയുള്ള 1,08,926 പേരിലാണ് സർവേ നടത്തിയത്. ഇതിൽ 1,722 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.

ജനനനിരക്ക് വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ മാത്രം ജനസംഖ്യാ നയങ്ങൾ ഒതുങ്ങരുതെന്നാണ് UNFPAയുടെ നിർദേശം. യുവാക്കൾക്ക് സ്ഥിരതയുള്ള തൊഴിൽ, താങ്ങാനാകുന്ന ചെലവിലുള്ള താമസസൗകര്യം, മികച്ച ശിശുസംരക്ഷണ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം. സ്വന്തം ജീവിതത്തെയും കുടുംബത്തെയും കുറിച്ചുള്ള ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ യുവതലമുറയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Content Highlights: Financial insecurity is increasingly influencing young Indians' decisions about marriage and parenthood, according to findings highlighted in UNFPA's 2026 State of World Population Report. The global survey found that financial uncertainty, unstable employment and housing constraints are major barriers to forming partnerships and starting families. Many young people still aspire to marriage and children but feel they lack the economic stability to pursue those goals

To advertise here,contact us