സ്വർണ വിപണിയിൽ തുടർച്ചയായ ഇടിവ് തുടരുകയാണ്. റെക്കോർഡ് വിലയിൽ നിന്ന് താഴേക്ക് പതിച്ച സ്വർണം കേരളത്തിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടുണ്ട് . പവന് 91,720 രൂപയിലേക്ക് വില താഴ്ന്നതോടെ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്കിടയിലും നിക്ഷേപകർക്കിടയിലും വലിയ ചർച്ചയാണ്. എന്നാൽ ഈ വിലയിടിവ് അധികകാലം തുടരുമോ? 2027 അവസാനത്തോടെ രാജ്യാന്തര സ്വർണവില ഔൺസിന് 4,650 ഡോളറിലെത്തുമെന്നാണ് പ്രമുഖ അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,524 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തിലെ വിലയിടിവിനും പ്രധാന കാരണമായത്.അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയാണ് സ്വർണവിപണിക്ക് തിരിച്ചടിയായത്. പലിശനിരക്ക് ഉയരുമ്പോൾ അമേരിക്കൻ ഡോളറും ബോണ്ട് യീൽഡും ശക്തിപ്പെടും. ഇതോടെ പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തേക്കാൾ നിക്ഷേപകർക്ക് ബോണ്ടുകളും മറ്റ് പലിശ ലഭിക്കുന്ന നിക്ഷേപങ്ങളും ആകർഷകമാകും.
ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യകതയെ ബാധിക്കുന്നു. ഈ ഘടകങ്ങളാണ് നിലവിലെ വിലയിടിവിന് പിന്നിൽ.
വിലയിടിവിനിടയിലും സ്വർണത്തിന് ദീർഘകാലത്ത് മുന്നേറ്റസാധ്യതയുണ്ടെന്നാണ് ഗോൾഡ്മാൻ സാക്സിന്റെ വിലയിരുത്തൽ. 2027 അവസാനത്തോടെ രാജ്യാന്തര സ്വർണവില ഔൺസിന് 4,650 ഡോളറിലെത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്ന പ്രവചനം. അതായത് സമാന രീതിയിൽ കേരളത്തിലും വില വർധന ഉണ്ടായാൽ ഒരു പവൻ ആഭരണത്തിന് പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 1,26,300 രൂപ മുതൽ 1,47,000 രൂപ വരെ ചെലവ് വരാൻ സാധ്യതയുണ്ട്.
കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങൽ തുടരുമെന്ന പ്രതീക്ഷയാണ് ഈ മുന്നേറ്റത്തിന് പ്രധാന പിന്തുണ. 2022ന് മുമ്പ് പ്രതിമാസം ശരാശരി 17 ടൺ സ്വർണം വാങ്ങിയിരുന്ന കേന്ദ്രബാങ്കുകൾ ഇപ്പോൾ ഏകദേശം 60 ടൺ വരെ വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. റഷ്യയുടെ വിദേശനാണ്യ ശേഖരം മരവിപ്പിച്ച 2022ലെ നടപടിക്ക് ശേഷം പല രാജ്യങ്ങളും തങ്ങളുടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പ്രാധാന്യം വർധിപ്പിച്ചിട്ടുണ്ട്. വിദേശ ആസ്തികളിലുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള നീക്കവും സ്വർണത്തിന് പിന്തുണയാകുന്നു.
അമേരിക്കയിൽ പലിശനിരക്ക് വീണ്ടും ഉയരുന്നത് 2027ന്റെ തുടക്കത്തിൽ സ്വർണവിലയ്ക്ക് സമ്മർദമുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ പിന്നീട് പലിശനിരക്ക് കുറയ്ക്കുന്ന സാഹചര്യം ഉണ്ടായാൽ സ്വർണത്തിലേക്ക് നിക്ഷേപകരുടെ താൽപര്യം വീണ്ടും വർധിക്കാം. സ്വർണവും വെള്ളിയും തമ്മിലുള്ള താരതമ്യത്തിൽ 2027ൽ സ്വർണത്തിനാണ് കൂടുതൽ നേട്ടസാധ്യതയെന്നാണ് ഗോൾഡ്മാൻ സാക്സിന്റെ വിലയിരുത്തൽ. കേന്ദ്രബാങ്കുകളുടെ വാങ്ങൽ സ്വർണത്തിന് നൽകുന്ന പിന്തുണ വെള്ളിക്ക് സമാനമായി ലഭിക്കാത്തതാണ് ഇതിന് ഒരു കാരണം.
2028 അവസാനത്തോടെ രാജ്യാന്തര സ്വർണവില ഔൺസിന് 5,600 ഡോളറിലെത്തുമെന്നാണ് CoinPedia റിപ്പോർട്ട് പരാമർശിക്കുന്ന ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. പലിശനിരക്കുകൾ കുറയുന്നതും നിക്ഷേപകരുടെ താൽപര്യം തിരിച്ചെത്തുന്നതും ഇതിന് സഹായകമാകുമെന്നാണ് പ്രതീക്ഷ.അതേസമയം, ഈ പ്രവചനങ്ങൾ വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് മാറാം.
ഡോളറിന്റെ മൂല്യം, അമേരിക്കൻ പലിശനിരക്കുകൾ, കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങൽ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെല്ലാം വരും മാസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. നിലവിലെ വിലയിടിവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാകുമ്പോഴും സ്വർണത്തിൽ നിക്ഷേപിച്ചവരുടെ ചങ്കിടിപ്പും കൂട്ടുകയാണ്.
Content Highlights: Gold Prices Crash in Kerala, But a Major Rally May Be Ahead! Goldman Sachs Predicts Gold Could Surge to $4,650 by 2027