FD മാത്രം അല്ല; 8.2% വരെ പലിശ നൽകുന്ന സർക്കാർ സ്കീമുകൾ വേറെയുമുണ്ട്, അറിയണം ഈ സുരക്ഷിത നിക്ഷേപങ്ങൾ

സുരക്ഷിത നിക്ഷേപം തേടുന്നവർക്ക് ഈ പദ്ധതികൾ മികച്ച ഓപ്ഷനുകളാണ്

3 min read|25 Jul 2026, 12:58 pm

ഓഹരി വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്ന സാഹചര്യത്തിൽ, സുരക്ഷിതവും സ്ഥിരമായ വരുമാനവും ഉറപ്പുനൽകുന്ന കേന്ദ്ര സർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികൾ വീണ്ടും ശ്രദ്ധ നേടുകയാണ്. സർക്കാർ പിന്തുണയുള്ള ഈ പദ്ധതികൾ നിക്ഷേപിച്ച തുകയ്ക്ക് സുരക്ഷ ഉറപ്പുനൽകുന്നതോടൊപ്പം വാർഷികം 6.7 ശതമാനം മുതൽ 8.2 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ച് സുരക്ഷിത നിക്ഷേപം തേടുന്നവർക്ക് ഈ പദ്ധതികൾ മികച്ച ഓപ്ഷനുകളാണ്.

കേന്ദ്ര സർക്കാർ ഓരോ മൂന്ന് മാസത്തിലും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കുകൾ അവലോകനം ചെയ്യാറുണ്ട്. നിലവിലെ ത്രൈമാസത്തിലും പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടർന്നതിനാൽ നിക്ഷേപകർക്ക് നേരത്തെയുള്ള ആനുകൂല്യങ്ങൾ തന്നെ ലഭിക്കും.

സുകന്യ സമൃദ്ധി യോജന (SSY) – 8.2% പലിശ

പെൺകുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിനും വിവാഹച്ചെലവുകൾക്കുമായി രൂപകൽപ്പന ചെയ്ത പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. നിലവിൽ ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശനിരക്കായ 8.2 ശതമാനം ഈ പദ്ധതിയിലാണ് ലഭിക്കുന്നത്.10 വയസിൽ താഴെയുള്ള പെൺകുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കാം. കുറഞ്ഞത് 250 മുതൽ പരമാവധി 1.5 ലക്ഷം വരെ ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാം.ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യവും ലഭിക്കും.

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS) – 8.2% പലിശ

60 വയസും അതിൽ കൂടുതലുമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ സർക്കാർ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം.വാർഷികം 8.2 ശതമാനം പലിശ. മൂന്ന് മാസത്തിലൊരിക്കൽ പലിശ അക്കൗണ്ടിലേക്ക് ലഭിക്കും. വിരമിച്ചവർക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്. നിക്ഷേപത്തിനും നികുതി ഇളവ് ലഭ്യമാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) – 7.1% പലിശ

ദീർഘകാല സമ്പാദ്യത്തിനും നികുതി ലാഭത്തിനുമായി ഏറ്റവും ജനപ്രിയമായ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് .നിലവിലെ പലിശനിരക്ക് 7.1 ശതമാനം. 15 വർഷമാണ് കാലാവധി. നിക്ഷേപം, പലിശ, കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക എന്നിവ മൂന്നും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന EEE (Exempt-Exempt-Exempt) ആനുകൂല്യമുണ്ട്. പ്രതിവർഷം 500 മുതൽ 1.5 ലക്ഷം വരെ നിക്ഷേപിക്കാം.

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) – 7.7% പലിശ

അഞ്ച് വർഷ കാലാവധിയുള്ള സുരക്ഷിത നിക്ഷേപ പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. വാർഷികം 7.7 ശതമാനം പലിശ.പലിശ വർഷംതോറും കണക്കാക്കി കാലാവധി പൂർത്തിയാകുമ്പോൾ ഒരുമിച്ച് ലഭിക്കും. 80C പ്രകാരം നികുതി ഇളവും ലഭ്യമാണ്.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) – 7.4% പലിശ

ഓരോ മാസവും സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി .വാർഷികം 7.4 ശതമാനം പലിശ. പലിശ എല്ലാ മാസവും ലഭിക്കും. വിരമിച്ചവർക്കും സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനകരമാണ്.

കിസാൻ വികാസ് പത്ര (KVP) – 7.5% പലിശ

പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക നിശ്ചിത കാലാവധിക്ക് ശേഷം ഇരട്ടിയാകും. നിലവിലെ പലിശ 7.5 ശതമാനം.ഏകദേശം 115 മാസത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയാകും. കുറഞ്ഞത് 1,000 മുതൽ നിക്ഷേപിക്കാം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (Time Deposit)

ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിന് സമാനമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്.

  • 1 വർഷം – 6.9%
  • 2 വർഷം – 7.0%
  • 3 വർഷം – 7.1%
  • 5 വർഷം – 7.5% (80C നികുതി ആനുകൂല്യവും ലഭിക്കും)

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് (RD)

പ്രതിമാസം ചെറിയ തുക മാറ്റിവെച്ച് സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. നിലവിലെ പലിശനിരക്ക് 6.7 ശതമാനം.5 വർഷമാണ് കാലാവധി. പ്രതിമാസ നിക്ഷേപത്തിലൂടെ നല്ലൊരു സമ്പാദ്യം സൃഷ്ടിക്കാം.

എന്തുകൊണ്ട് ഈ പദ്ധതികൾ ശ്രദ്ധ നേടുന്നു?

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് മികച്ച വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിലും, വിപണി ഇടിയുമ്പോൾ നഷ്ടസാധ്യതയും അത്രത്തോളം കൂടുതലാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് സർക്കാർ ഗ്യാരണ്ടിയുള്ളതിനാൽ മൂലധന സുരക്ഷ ഉറപ്പാണ്. അതുകൊണ്ടുതന്നെ റിസ്‌ക് ഒഴിവാക്കി സ്ഥിരമായ വരുമാനവും ദീർഘകാല സമ്പാദ്യവും ലക്ഷ്യമിടുന്നവർക്ക് ഇവ മികച്ച നിക്ഷേപ മാർഗങ്ങളായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

എന്നിരുന്നാലും, ഓരോ പദ്ധതിയുടെയും അർഹതാ മാനദണ്ഡം, നിക്ഷേപ പരിധി, ലോക്ക്-ഇൻ കാലാവധി, നികുതി ആനുകൂല്യങ്ങൾ എന്നിവ വ്യത്യസ്തമായതിനാൽ, സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

Content Highlights:Small Savings Schemes: Stock Market Volatile? These Govt-Backed Plans Offer Up To 8.2% Returns

To advertise here,contact us