തിരുവനന്തപുരം: ബാങ്കിങ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ (PO) / മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 11 ബാങ്കുകളിലായി 6715 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബിരുദധാരികൾക്ക് ഈ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 21 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ബാങ്ക് ഓഫ് ബറോഡ (1900 ഒഴിവുകൾ), കനറ ബാങ്ക് (1500 ഒഴിവുകൾ), ബാങ്ക് ഓഫ് മഹാരാഷ്ട്ര (1100 ഒഴിവുകൾ), ഇന്ത്യൻ ഓവർസീസ് ബാങ്ക് (550 ഒഴിവുകൾ), ബാങ്ക് ഓഫ് ഇന്ത്യ (500 ഒഴിവുകൾ), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (500 ഒഴിവുകൾ), പഞ്ചാബ് നാഷണൽ ബാങ്ക് (504 ഒഴിവുകൾ), പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് (161 ഒഴിവുകൾ) എന്നിവയുൾപ്പെടെയുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകളിലാണ് ഒഴിവുകൾ. ഇന്ത്യൻ ബാങ്ക്, യുകോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെ ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല (NR).
ആകെ ഒഴിവുകൾ: 6715 (ജനറൽ വിഭാഗത്തിന് 2719 ഒഴിവുകളുണ്ട്. എസ്സി - 1009, എസ്ടി - 502, ഒബിസി - 1816, ഇഡബ്ല്യുഎസ് - 669 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ ഒഴിവുകൾ). ഭിന്നശേഷിക്കാർക്കായി (PwBD) പ്രത്യേക ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം. ഫൈനൽ റിസൽറ്റ് 21.07.2026-നോ അതിന് മുൻപോ പ്രഖ്യാപിച്ചിരിക്കണം.
പ്രായപരിധി: 2026 ജൂലൈ 1-ന് 20 നും 30 നും മധ്യേ ആയിരിക്കണം പ്രായം (ഉദ്യോഗാർത്ഥികൾ 02.07.1996-നും 01.07.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം, രണ്ട് തീയതികളും ഉൾപ്പെടെ).
ഇളവുകൾ: ഉയർന്ന പ്രായപരിധിയിൽ എസ്സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷത്തെയും, ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് 3 വർഷത്തെയും, ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും നിയമാനുസൃതമായ പ്രായയിളവ് ലഭിക്കും.
ശമ്പള സ്കെയിൽ: 48,480 - 85,920 രൂപ.
തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പ്രിലിമിനറി പരീക്ഷ 2026 ഓഗസ്റ്റിൽ ഓൺലൈനായി നടക്കും. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള മെയിൻ പരീക്ഷ ഒക്ടോബറിലായിരിക്കും.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: പ്രിലിമിനറി പരീക്ഷയ്ക്ക് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങളിൽ കേന്ദ്രങ്ങളുണ്ടാകും. മെയിൻ പരീക്ഷയ്ക്ക് കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങളിലാണ് കേന്ദ്രങ്ങൾ. ലക്ഷദ്വീപിലെ കവരത്തിയിൽ പ്രിലിമിനറിക്കും മെയിനിനും പരീക്ഷാ കേന്ദ്രമുണ്ട്.
തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടക്കുക: പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പേഴ്സണാലിറ്റി ടെസ്റ്റ്/അഭിമുഖം.
പ്രിലിമിനറി പരീക്ഷ: 100 മാർക്കിനുള്ള ഒബ്ജക്ടീവ് പരീക്ഷയാണിത് (100 ചോദ്യങ്ങൾ, സമയം: 60 മിനിറ്റ്). ഇംഗ്ലീഷ് ലാംഗ്വേജ് (30 ചോദ്യം), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (35 ചോദ്യം), റീസണിങ് എബിലിറ്റി (35 ചോദ്യം) എന്നിവയാണ് വിഷയങ്ങൾ. ചോദ്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമായിരിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
മെയിൻ പരീക്ഷ: ആകെ 225 മാർക്കിന്റെ പരീക്ഷ. ഇതിൽ 200 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയും (170 ചോദ്യങ്ങൾ, സമയം: 3 മണിക്കൂർ), 25 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷയും (രണ്ട് ചോദ്യങ്ങൾ - എസ്സേ ആൻഡ് ലെറ്റർ റൈറ്റിങ്, സമയം: 30 മിനിറ്റ്) ഉണ്ടായിരിക്കും.
ഫീസ്: ജിഎസ്ടി ഉൾപ്പെടെ 850 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 175 രൂപ മതിയാകും. ഓൺലൈനായി പണമടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ibps.in വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ.
അപ്ലോഡ് ചെയ്യേണ്ട രേഖകൾ: പാസ്പോർട്ട് സൈസ് ഫോട്ടോ, ലൈവ് ഫോട്ടോ, ഒപ്പ്, ഇടതുതള്ളവിരലടയാളം, സ്വന്തം കൈപ്പടയിൽ എഴുതിയ പ്രസ്താവന, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ നിശ്ചിത മാതൃകയിൽ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ഐബിപിഎസ് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ പൂർത്തിയാകുന്നതോടെ 2027 ജനുവരിയോടെ താല്കാലിക അലോട്ട്മെന്റ് നടപടികൾ പൂർത്തിയാകും.
Content Highlights: Public sector banks have announced a major recruitment opportunity for graduates, offering a pay scale ranging from ₹48,480 to ₹85,920. Eligible candidates can apply after checking the required educational qualifications, age limit, selection process, application procedure, and other conditions specified in the official recruitment notification.