ആഭ്യന്തര വിപണിയിൽ വൻ മുന്നേറ്റം. പശ്ചിമേഷ്യൻ സംഘർഷത്തിന് ഉടൻ നയതന്ത്ര പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയതോടെ വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ട് ശതമാനം നേട്ടത്തിലെത്തി. മൂന്ന് മാസത്തെ ഉയർന്ന നിലവാരത്തിന് അടുത്താണ് സൂചികകൾ വ്യാപാരം ആരംഭിച്ചത്.
കഴിഞ്ഞ ആറ് വ്യാപാര സെഷനുകളിലായി ഇരു സൂചികകളും ഏകദേശം എട്ട് ശതമാനം ഉയർന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ മുന്നേറ്റമായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഈ വർഷം ഇതുവരെ നേരിട്ട നഷ്ടവും സൂചികകൾ കുറച്ചു. നിഫ്റ്റിയുടെ വർഷാരംഭം മുതലുള്ള നഷ്ടം 6.5 ശതമാനമായും സെൻസെക്സിന്റേത് 7.4 ശതമാനമായും കുറഞ്ഞു.
ഇൻട്രാഡേയിൽ സെൻസെക്സ് 1,620 പോയിന്റ് ഉയർന്ന് 78,978-ലെത്തി. നിഫ്റ്റിയാകട്ടെ 2 ശതാമാനത്തോളം മുന്നേറ്റത്തോടെ 24,430 നിലവാരവും മറികടന്നു. നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലായിരുന്നു. മിഡ്ക്യാപ് സൂചിക 1.56 ശതമാനവും സ്മോൾക്യാപ് സൂചിക 1.23 ശതമാനവും ഉയർന്നു. എച്ച്ഡിഎഫ്സി ബാങ്ക് 2.4 ശതമാനവും ഐസിഐസിഐ ബാങ്ക് 3.63 ശതമാനവും നേട്ടമുണ്ടാക്കി.
വിപണിയുടെ മുന്നേറ്റത്തിന് പിന്നിൽ പ്രധാനമായും ക്രൂഡ് ഓയിൽ വിലയിലെ ഇടിവാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്ര പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില തുടർച്ചയായ നാലാം ദിവസവും താഴ്ന്നു. ബ്രെന്റ് ക്രൂഡ് വില 1.07 ശതമാനം ഇടിഞ്ഞ് ബാരലിന് 93.61 ഡോളറിലെത്തി. അമേരിക്കൻ ക്രൂഡ് ആയ ഡബ്ല്യുടിഐ 1.29 ശതമാനം കുറഞ്ഞ് 86.98 ഡോളറിലുമെത്തി.
തൊട്ടുമുമ്പത്തെ സെഷനിൽ ഇരു ബെഞ്ച്മാർക്കുകളുടെയും വില എട്ട് ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഓഗസ്റ്റ് 31-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഈ ആഴ്ച ഇതുവരെ ക്രൂഡ് ഓയിൽ വിലയിൽ ഏകദേശം 16 ശതമാനം ഇടിവുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ ആശ്വാസമാണ്. ആവശ്യമായ എണ്ണയുടെ വലിയൊരു ഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ ക്രൂഡ് ഓയിൽ വില കുറയുന്നത് ഇറക്കുമതി ചെലവ് കുറയ്ക്കാനും പണപ്പെരുപ്പ സമ്മർദം ലഘൂകരിക്കാനും സഹായിക്കും. കമ്പനികളുടെ പ്രവർത്തനച്ചെലവിലും ഇത് അനുകൂല സ്വാധീനം ചെലുത്തിയേക്കും.
ജിയോജിത് ഇൻവെസ്റ്റ്മെന്റ്സിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാറിന്റെ വിലയിരുത്തലിലും ക്രൂഡ് ഓയിൽ വിലയിലെ ഇടിവാണ് വിപണിക്ക് ഏറ്റവും വലിയ അനുകൂല ഘടകം. ബ്രെന്റ് ക്രൂഡ് വിലയിലെ ഏകദേശം 10 ശതമാനം ഇടിവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായ നാലാം സെഷനിലും വാങ്ങൽ തുടർന്നതും മുന്നേറ്റത്തിന് സഹായകമായി. വ്യാഴാഴ്ചയ്ക്ക് മുമ്പുള്ള സെഷനിൽ മാത്രം 7,284 കോടി രൂപയുടെ ഓഹരികളാണ് ഇവർ വാങ്ങിയത്. 2025 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിവസത്തെ വാങ്ങലുകളിൽ ഒന്നാണിത്. വിദേശ നിക്ഷേപകരുടെ തുടർച്ചയായ വരവ് വിപണിയിൽ പണലഭ്യത വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ ഓഹരികളിലുള്ള ആത്മവിശ്വാസം തിരിച്ചുവരുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.
അമേരിക്കൻ ഓഹരി വിപണിയിലുണ്ടായ ശക്തമായ കുതിപ്പും ഇന്ത്യൻ വിപണിക്ക് പിന്തുണയായി. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ഡൗ ജോൺസ് 3.03 ശതമാനവും എസ് ആൻഡ് പി 500 1.58 ശതമാനവും നാസ്ഡാക് 1.44 ശതമാനവും ഉയർന്നു. ഏഷ്യൻ വിപണികളിലും ഷാങ്ഹായ്, ഹോങ്കോങ് സൂചികകൾ നേട്ടത്തിലായിരുന്നു.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ നിയന്ത്രണം നേടിയതും വിപണിയിലെ പ്രതീക്ഷകൾക്ക് കാരണമായി. ഇതോടെ ഇറാനുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് രാഷ്ട്രീയ നിയന്ത്രണങ്ങൾ ഉണ്ടാകാമെന്നും നയതന്ത്ര ചർച്ചകൾക്ക് സാധ്യത വർധിക്കാമെന്നും നിക്ഷേപകർ കണക്കുകൂട്ടുന്നു.
പശ്ചിമേഷ്യയിലെ സാഹചര്യം, എണ്ണവിലയിലെ മാറ്റം, വിദേശ നിക്ഷേപകരുടെ തുടർനീക്കങ്ങൾ എന്നിവ വരും ദിവസങ്ങളിലും വിപണിയുടെ ഗതി നിർണയിക്കും. ഈ മുന്നേറ്റം തുടരുമോ എന്നതാണ് ഇനി നിക്ഷേപകർ ഉറ്റുനോക്കുന്നത്.
Content Highlights: Sensex Surges Over 1,500 Points, Nifty Nears 24,400 as Falling Oil Prices Boost Market Sentiment