നഷ്ടത്തിൽ നിന്ന് 84 കോടിയുടെ ലാഭത്തിലേക്ക്; വരുമാനത്തിലും വൻ കുതിപ്പ്; പുറവങ്കരയ്ക്ക് മികച്ച രണ്ടാം പാദം

കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിലെ മറ്റൊരു പ്രധാന നേട്ടം കടബാധ്യത കുറയ്ക്കാനായതാണ്

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ മികച്ച സാമ്പത്തിക മുന്നേറ്റവുമായി പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പുറവങ്കര ലിമിറ്റഡ്. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 83.74 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42.99 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്തുനിന്നാണ് കമ്പനി ലാഭത്തിലേക്ക് തിരിച്ചെത്തിയത്.

കമ്പനിയുടെ വരുമാനത്തിലും ശ്രദ്ധേയമായ വർധനയുണ്ടായി. 2025 സെപ്റ്റംബർ പാദത്തിൽ 662.73 കോടി രൂപയായിരുന്ന ആകെ വരുമാനം 2026 സെപ്റ്റംബർ പാദത്തിൽ 1,051.02 കോടി രൂപയായി ഉയർന്നു. ഏകദേശം 58.6 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.

2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തെ കണക്കുകളും കമ്പനിയുടെ മുന്നേറ്റം വ്യക്തമാക്കുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 107.24 കോടി രൂപയുടെ അറ്റാദായമാണ് പുറവങ്കര നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 111.42 കോടി രൂപയുടെ നഷ്ടമായിരുന്നു. ആദ്യ പകുതിയിലെ ആകെ വരുമാനം 1,201.37 കോടി രൂപയിൽ നിന്ന് 1,928.17 കോടി രൂപയായി ഉയർന്നു. ഇതോടെ വരുമാനത്തിൽ ഏകദേശം 60.5 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു.

കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിലെ മറ്റൊരു പ്രധാന നേട്ടം കടബാധ്യത കുറയ്ക്കാനായതാണ്. രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റകടം 470 കോടി രൂപ കുറച്ചതായി മാനേജിങ് ഡയറക്ടർ ആശിഷ് പുറവങ്കര അറിയിച്ചു. പദ്ധതികളുടെ നിർമാണം പൂർത്തിയാക്കി വീടുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിലൂടെ വരുമാനവും പണമൊഴുക്കും വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉയർന്ന ഹാൻഡോവറുകൾ, തുടർച്ചയായ വിൽപ്പന, മികച്ച വിൽപ്പന നിരക്കുകൾ എന്നിവയാണ് രണ്ടാം പാദത്തിലെ വളർച്ചയ്ക്ക് പ്രധാന പിന്തുണയായത്.

കമ്പനി ഇന്ത്യയിലെ പ്രധാന റിയൽ എസ്റ്റേറ്റ് വിപണികളിൽ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മംഗളൂരു, കൊച്ചി, മുംബൈ, പൂനെ, ഗോവ തുടങ്ങി ഒമ്പത് നഗരങ്ങളിലായി 98 പ്രോജക്ടുകൾ കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. ആകെ 60 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതികളാണ് പൂർത്തിയാക്കിയത്.

കമ്പനിക്ക് നിലവിൽ ഏകദേശം 46 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലാൻഡ് ബാങ്കുണ്ട്. കൂടാതെ 33.61 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പദ്ധതികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന കാലയളവിലും വളർച്ചയുടെ വേഗം നിലനിർത്തുന്നതിനായി പുതിയ പ്രോജക്ടുകൾ വികസിപ്പിക്കാനും നിലവിലുള്ള പദ്ധതികളുടെ നിർമാണവും കൈമാറ്റവും വേഗത്തിലാക്കാനും ലക്ഷ്യമിടുകയാണ്.

വിൽപ്പനയിലെ വളർച്ച, ഉയർന്ന വരുമാനം, കടബാധ്യതയിലെ കുറവ്, പൂർത്തിയായ വീടുകളുടെ കൈമാറ്റം എന്നിവയിലൂടെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ വർഷത്തെ നഷ്ടത്തിൽ നിന്ന് ഇത്തവണ 83.74 കോടി രൂപയുടെ ലാഭത്തിലേക്കുള്ള പുറവങ്കരയുടെ തിരിച്ചുവരവ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ തന്നെ ശ്രദ്ധേയമായ നേട്ടമാണ്.

Content Highlights: Puravankara Q2FY27 Results: Net profit turns positive at ₹84 crore

To advertise here,contact us