53,866 കോടിയുടെ യുദ്ധക്കപ്പൽ കരാർ; പ്രതിരോധ ഓഹരികളിൽ 7% വരെ നേട്ടം, കൊച്ചിൻ ഷിപ്പ്‌യാർഡും കുതിപ്പിൽ

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി 4 ശതമാനം ഉയർന്ന് 1,214.90 രൂപയിലെത്തി

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വൻ കരുത്തായി പുതിയ യുദ്ധക്കപ്പൽ കരാർ. ഇന്ത്യൻ നാവികസേനയ്ക്കായി എട്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമിക്കുന്നതിനായി 53,866.50 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. ഇതിന് പിന്നാലെ ഓഹരി വിപണിയിൽ പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഓഹരികൾക്ക് മികച്ച മുന്നേറ്റമാണ് പ്രകടമായത്.

ഗാർഡൻ റീച്ച് ഷിപ്പ്‌ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് (GRSE), ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (GSL) എന്നീ പൊതുമേഖലാ കപ്പൽ നിർമാണ കമ്പനികളുമായാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം കരാറിലേർപ്പെട്ടത്. കരാർ വാർത്ത പുറത്തുവന്നതോടെ GRSE ഉൾപ്പെടെയുള്ള പ്രതിരോധ ഓഹരികളിൽ നിക്ഷേപകരുടെ താൽപര്യം വർധിച്ചു.

നവംബർ 2ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ-2ൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെച്ചത്. എട്ട് നെക്സ്റ്റ് ജനറേഷൻ കോർവെറ്റുകളാണ് നാവികസേനയ്ക്കായി നിർമിക്കുക. കരാർ പ്രകാരം അഞ്ച് യുദ്ധക്കപ്പലുകൾ GRSE നിർമിക്കും. ശേഷിക്കുന്ന മൂന്ന് കപ്പലുകളുടെ നിർമാണച്ചുമതല ഗോവ ഷിപ്പ്‌യാർഡിനാണ്. ആധുനിക മിസൈലുകൾ, ആയുധ സംവിധാനങ്ങൾ, സെൻസറുകൾ എന്നിവയാൽ സജ്ജമായിരിക്കും ഈ യുദ്ധക്കപ്പലുകൾ.

GRSE ഓഹരി 7.06 ശതമാനം ഉയർന്ന് 2,191.40 രൂപയിലെത്തി. വ്യാപാരത്തിനിടെ 2,235 രൂപ വരെ ഓഹരി ഉയർന്നു. മസഗൺ ഡോക്ക് ഷിപ്പ്‌ബിൽഡേഴ്‌സ് ഓഹരി 5.05 ശതമാനം നേട്ടത്തോടെ 1,819 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി 4 ശതമാനം ഉയർന്ന് 1,214.90 രൂപയിലെത്തി. ഭാരത് ഇലക്ട്രോണിക്സ് ഓഹരിയിൽ 1.46 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തി.

മറ്റ് പ്രതിരോധ ഓഹരികളിലും മുന്നേറ്റമുണ്ടായി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് 2.18 ശതമാനവും സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ 3.14 ശതമാനവും ഉയർന്നു. ഭാരത് ഡൈനാമിക്സ് 3.25 ശതമാനവും ഡാറ്റ പാറ്റേൺസ് 2.70 ശതമാനവും നേട്ടമുണ്ടാക്കി. ഇതോടെ നിഫ്റ്റി ഇന്ത്യ ഡിഫൻസ് സൂചിക 1.94 ശതമാനം ഉയർന്ന് 8,997.60ൽ എത്തി.

പുതിയ കരാറിലെ യുദ്ധക്കപ്പലുകൾ അത്യാധുനിക മിസൈലുകൾ, ആയുധ സംവിധാനങ്ങൾ, സെൻസറുകൾ എന്നിവയാൽ സജ്ജമായിരിക്കും. ആകാശം,സമുദ്രോപരിതലം , കടലിനടിയിലെ മേഖലകൾ എന്നിവിടങ്ങളിൽ ഒരേസമയം വിവിധ ദൗത്യങ്ങൾ നിർവഹിക്കാൻ ഇവയ്ക്ക് സാധിക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിൽ നാവികസേനയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ ഈ കപ്പലുകൾ നിർണായകമാകും.

ഇന്ത്യയുടെ തദ്ദേശീയ യുദ്ധക്കപ്പൽ നിർമാണ ചരിത്രത്തിലും ഈ പദ്ധതി പ്രധാനമാണ്. ഇന്ത്യൻ നാവികസേന തന്നെ രൂപകൽപ്പന ചെയ്യുകയും മത്സരാധിഷ്ഠിത നടപടികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ നിർമിക്കുകയും ചെയ്യുന്ന ആദ്യ പദ്ധതിയാണിതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' പദ്ധതികൾക്കും ഇത് കരുത്താകും.

കരാർ രാജ്യത്തെ കപ്പൽ നിർമാണ മേഖലയ്ക്കും അനുബന്ധ വ്യവസായങ്ങൾക്കും വലിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത പത്ത് വർഷത്തിനുള്ളിൽ കപ്പൽശാലകളിൽ ഏകദേശം 72 ലക്ഷം തൊഴിൽദിനങ്ങളും അനുബന്ധ വ്യവസായങ്ങളിലും ചെറുകിട-ഇടത്തരം സംരംഭങ്ങളിലും (MSME) 460 ലക്ഷം തൊഴിൽദിനങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്. കടൽവ്യാപാര പാതകളുടെ സുരക്ഷ, ശത്രുകപ്പലുകൾക്കെതിരായ ആക്രമണ-പ്രതിരോധ പ്രവർത്തനങ്ങൾ, അന്തർവാഹിനി വിരുദ്ധ പോരാട്ടം, തീരദേശ സുരക്ഷ, സമുദ്ര നിരീക്ഷണം തുടങ്ങിയ മേഖലകളിൽ പുതിയ യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ ശേഷി വർധിപ്പിക്കും.

Content Highlights: GRSE, Mazagon Dock, Cochin Shipyard to BEL: Defence stocks jump up to 7% on Rs 53,866-crore warship order

To advertise here,contact us