എട്ടാം ശമ്പള കമ്മീഷന്‍: കേന്ദ്ര സർക്കാർ ജീവനക്കാരുടെ മിനിമം ശമ്പളം 60000 രൂപയ്ക്ക് മുകളിലേക്കോ?

വീട്ടുവാടക അലവൻസ് , യാത്രാ അലവൻസ് എന്നിവയിലും വൻ വർധനവാണ് സംഘടനകൾ ആവശ്യപ്പെടുന്നത്

3 min read|06 Jul 2026, 12:55 pm

ന്യൂഡൽഹി: എട്ടാം ശമ്പള കമ്മീഷന് മുന്നിൽ നിർണ്ണായക ആവശ്യങ്ങളുമായി സംഘടനകൾ. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും മെട്രോ നഗരങ്ങളിലെ ഉയർന്ന വീട്ടുവാടകയും കണക്കിലെടുത്ത് അടിസ്ഥാന ശമ്പളത്തിലും അലവൻസുകളിലും വലിയ വർദ്ധനവ് വരുത്തണമെന്നാണ് ആവശ്യം. സംഘടനകളുടെ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ ലെവൽ-1 ജീവനക്കാരുടെ ആകെ ശമ്പളത്തിൽ 65 ശതമാനത്തോളം വർദ്ധനവുണ്ടാകും.

നിലവിലെ ശമ്പള ഘടന നിർണ്ണയിക്കുന്നത് മൂന്നംഗങ്ങളുള്ള കുടുംബ യൂണിറ്റിനെ അടിസ്ഥാനമാക്കിയാണ്. എന്നാൽ, ആശ്രിതരായ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി ഇത് 4.4 യൂണിറ്റായി ഉയർത്തണമെന്ന് ഓൾ ഇന്ത്യ നാഷണൽ പെൻഷൻ സിസ്റ്റം എംപ്ലോയീസ് ഫെഡറേഷൻ (AINPSEF) ആവശ്യപ്പെടുന്നു. ഇത് നടപ്പിലായാൽ ശമ്പള നിർണ്ണയത്തിനുള്ള ഫിറ്റ്‌മെന്റ് ഫാക്ടർ 2.05-ൽ നിന്ന് 2.10 ആയി ഉയരും. ഇതോടെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാകും. ഇതുകൂടാതെ, ക്ഷാമബത്ത 25 ശതമാനത്തിൽ എത്തുമ്പോൾ അത് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് ഭാവിയിലെ ശമ്പള പരിഷ്കരണങ്ങൾക്കും പെൻഷൻ കണക്കുകൂട്ടലുകൾക്കും കൂടുതൽ കരുത്തുറ്റ അടിത്തറ നൽകും.

വീട്ടുവാടക അലവൻസ് , യാത്രാ അലവൻസ് എന്നിവയിലും വൻ വർദ്ധനവാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. നഗരങ്ങളുടെ തരംതിരിവ് (X, Y, Z വിഭാങ്ങൾ) അനുസരിച്ച് നിലവിലുള്ള എച്ച്ആർഎ 36%, 24%, 12% എന്നിങ്ങനെയായി ഉയർത്താൻ എഐഎൻപിഎസ്ഇഎഫ് ശുപാർശ ചെയ്തപ്പോൾ, ചില സംഘടനകൾ ഇത് 40%, 35%, 30% വരെയാക്കി ഉയർത്തണമെന്നും ഭാവിയിലെ ഡിഎ വർദ്ധനവുമായി ഇതിനെ ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ യാത്രാ അലവൻസ് തികച്ചും അപര്യാപ്തമാണെന്നും, ലെവൽ-1 ജീവനക്കാർക്ക് കുറഞ്ഞത് 9,000 രൂപയെങ്കിലും ട്രാൻസ്പോർട്ട് അലവൻസ് നൽകണമെന്നും, അല്ലെങ്കിൽ നിലവിലുള്ള തുക മൂന്നിരട്ടിയാക്കണമെന്നുമാണ് ആവശ്യം.

പുതിയ ശുപാർശകൾ നടപ്പിലായാൽ ലെവൽ-1 വിഭാഗത്തിൽപ്പെടുന്ന ഒരു ജീവനക്കാരന്റെ ശമ്പളത്തിൽ വലിയ മാറ്റമുണ്ടാകും. നിലവിൽ 'X' കാറ്റഗറി നഗരത്തിൽ ജോലി ചെയ്യുന്ന ഒരു ലെവൽ-1 ജീവനക്കാരന് അടിസ്ഥാന ശമ്പളവും ഡിഎ, എച്ച്ആർഎ, ട്രാൻസ്പോർട്ട് അലവൻസും ഉൾപ്പെടെ ഏകദേശം 37,080 രൂപയാണ് ആകെ പ്രതിമാസ ശമ്പളം ലഭിക്കുന്നത്. എന്നാൽ സംഘടനകൾ മുന്നോട്ടുവെച്ച 2.10 ഫിറ്റ്‌മെന്റ് ഫാക്ടറും ഉയർന്ന അലവൻസുകളും അംഗീകരിക്കപ്പെട്ടാൽ ഇത് ഏകദേശം 61,344 രൂപയായി ഉയരും. അതായത്, നിലവിലെ ശമ്പളത്തേക്കാൾ ഏകദേശം 65 ശതമാനത്തിന്റെ വർദ്ധനവ്.

AINPSEF, NC-JCM (സ്റ്റാഫ് സൈഡ്), AIDEF, FNPO, IRTSA തുടങ്ങിയ പ്രമുഖ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകളെല്ലാം ഈ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ, ഈ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്. സംഘടനകൾ സമർപ്പിച്ച ശുപാർശകൾ മാത്രമാണിത്. എട്ടാം ശമ്പള കമ്മീഷൻ ഇവ വിശദമായി പഠിച്ച ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. ഫിറ്റ്‌മെന്റ് ഫാക്ടർ, അലവൻസുകൾ, ഡിഎ ലയനം എന്നിവയിലെ അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റേതായിരിക്കും.

Content Highlights: The Eighth Pay Commission has raised expectations of a significant salary hike for Central government employees. Discussions around the fitment factor have fuelled speculation that the minimum basic salary could rise above ₹60,000. However, the final increase will depend on the commission's recommendations and the Central government's approval.

To advertise here,contact us