20 വർഷം മുമ്പ് 1 ലക്ഷത്തിന് വാങ്ങിയ സ്വർണത്തിന് ഇന്ന് 15 ലക്ഷം; പക്ഷെ അതിനേക്കാള്‍ ലാഭം നല്‍കിയത് ഓഹരി

20 വർഷത്തിൽ 11.4% എന്നിങ്ങനെ വാർഷിക റിട്ടേൺ നൽകി നിക്ഷേപത്തെ 20 വർഷം കൊണ്ട് ഏകദേശം 8.7 മടങ്ങായി വർദ്ധിപ്പിച്ചു

3 min read|21 May 2026, 03:57 pm

ഫിക്സഡ് ഡെപ്പോസിറ്റുകളോടും സ്വർണത്തോടും ഇന്ത്യൻ നിക്ഷേപകർക്ക് എക്കാലത്തും വലിയ താല്പര്യമുണ്ടെങ്കിലും, ദീർഘകാലയളവിൽ വന്‍നേട്ടം കൊയ്തത് ഒഹരി വിപണി. ഫണ്ട്സ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ വന്‍നേട്ടമാണ് ഇക്കാലയളവില്‍ ഓഹരിവിപണിക്ക് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നത്. ആറ് മാസം മുതൽ മൂന്ന് വർഷം വരെയുള്ള ഹ്രസ്വകാലയളവിൽ ഓഹരി വിപണിയിൽ നഷ്ടസാധ്യതകൾ ഉണ്ടായേക്കാമെങ്കിലും, 10, 15, 20 വർഷത്തെ ദീർഘകാലയളവ് പരിശോധിക്കുമ്പോൾ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗം ഇക്വിറ്റികൾ തന്നെയാണ്.

കഴിഞ്ഞ 20 വർഷത്തിനിടെ 14.6% വാർഷിക വളർച്ചയോടെ സ്വർണം മികച്ച പ്രകടനം കാഴ്ചവെക്കുകയും 1 ലക്ഷം രൂപയെ 15 ലക്ഷത്തിലധികമായി മാറ്റുകയും ചെയ്തെങ്കിലും, ഈ കുതിപ്പിനെപ്പോലും മറികടക്കാൻ യു എസ് ഒഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്. വിവിധ ആസ്തികളുടെ ദീർഘകാല പ്രകടനം പരിശോധിച്ചാൽ, ഇന്ത്യൻ ഇക്വിറ്റികൾ 10 വർഷത്തിൽ 13.2%, 15 വർഷത്തിൽ 11.3%, 20 വർഷത്തിൽ 11.4% എന്നിങ്ങനെ വാർഷിക റിട്ടേൺ നൽകി നിക്ഷേപത്തെ 20 വർഷം കൊണ്ട് ഏകദേശം 8.7 മടങ്ങായി വർദ്ധിപ്പിച്ചു.

എന്നാൽ യു.എസ് ഇക്വിറ്റികൾ 10 വർഷത്തിൽ 19.4%, 15 വർഷത്തിൽ 19.8%, 20 വർഷത്തിൽ 15.2% എന്നിങ്ങനെ ഉയർന്ന നിരക്കിൽ വളർന്ന് നിക്ഷേപം 17.01 മടങ്ങായിട്ടാണ് വർദ്ധിപ്പിച്ചത്. ഇതിനു വിപരീതമായി, ഇതേ കാലയളവിൽ റിയൽ എസ്റ്റേറ്റ് മേഖല 15 വർഷത്തിൽ 5.6 ശതമാനവും 20 വർഷത്തിൽ 7.9 ശതമാനവും മാത്രം വളർച്ച രേഖപ്പെടുത്തിയപ്പോൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ ഉൾപ്പെടെയുള്ള കടപ്പത്രങ്ങൾ 7.5% മുതൽ 7.6% വരെ മാത്രമാണ് റിട്ടേൺ നൽകിയത്.

ഇന്ത്യൻ ഓഹരി വിപണിയുടെ കരുത്ത് വ്യക്തമാക്കുന്നത് 1990 ജൂലൈ മുതലുള്ള നിഫ്റ്റി 50 സൂചികയുടെ പ്രകടനമാണ്. നിരവധി വിപണി തകർച്ചകളെയും ആഗോള സാമ്പത്തിക പ്രതിസന്ധികളെയും അതിജീവിച്ച് 35 വർഷത്തിലധികമായി 13.2% കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ് (CAGR) നിലനിർത്താൻ ഇന്ത്യൻ വിപണിക്ക് കഴിഞ്ഞിട്ടുണ്ട്. അതായത് അന്ന് നിക്ഷേപിച്ച 1 ലക്ഷം രൂപ ഇന്ന് ഏകദേശം 86 മടങ്ങ് വർദ്ധിച്ച് 85 ലക്ഷം രൂപയായി മാറി.

ഇന്ത്യൻ വിപണിയിലെ വിവിധ ഓഹരി വിഭാഗങ്ങളിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളാണ്. ലാർജ് ക്യാപ് വിഭാഗം (Nifty 100 TRI) 11.8% വാർഷിക നേട്ടത്തോടെ സമ്പത്ത് 9 മടങ്ങായി വർദ്ധിപ്പിച്ചപ്പോൾ, സ്മോൾ ക്യാപ് വിഭാഗം (Nifty Smallcap 250 TRI) 12.7% റിട്ടേണോടെ നിക്ഷേപം 11 മടങ്ങും, മിഡ് ക്യാപ് വിഭാഗം (Nifty Midcap 150 TRI) 14.6% ഉയർന്ന റിട്ടേണോടെ നിക്ഷേപം 15 മടങ്ങിലധികവുമായിട്ടാണ് വർദ്ധിപ്പിച്ചത്.

ചുരുക്കത്തിൽ, ഓഹരി നിക്ഷേപങ്ങളിൽ ക്ഷമയാണ് പ്രധാനം. നിക്ഷേപ കാലാവധി കൂടുന്തോറും നഷ്ടസാധ്യത കുറയുകയും ഉയർന്ന റിട്ടേൺ ഉറപ്പാകുകയും ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ 7 വർഷമോ അതിൽ കൂടുതലോ നിക്ഷേപം തുടർന്നവർക്കെല്ലാം ചരിത്രപരമായി മികച്ച നേട്ടം തന്നെയാണ് ലഭിച്ചിട്ടുള്ളത്.

Content Highlights: An investment of ₹1 lakh in gold made 20 years ago would now be valued at around ₹15 lakh. However, long-term investments in the stock market would have generated even higher returns over the same period, highlighting the stronger wealth creation potential of equities compared to gold.

To advertise here,contact us