ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് കൗമാരക്കാരെ ലക്ഷ്യമിട്ട് പുതിയ 'പോക്കറ്റ് മണി' ഫീച്ചറുമായി പേടിഎം ആപ്പ് രംഗത്ത്. പുതിയ സംവിധാനത്തിലൂടെ കൗമാരക്കാര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാതെയും യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ കഴിയും. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ചെലവുകള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ ദിവസേന കാന്റീന് ചെലവുകള്‍, മൊബൈല്‍ റീചാര്‍ജ്, മെട്രോ യാത്ര, ഓണ്‍ലൈന്‍ ഷോപ്പിങ്, കാബ് ബുക്കിങ് തുടങ്ങിയ ചെറിയ ചെലവുകള്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പലപ്പോഴും കുട്ടികള്‍ മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിക്കുകയോ ഒടിപി ആവശ്യപ്പെടുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഫീച്ചര്‍ ലക്ഷ്യമിടുന്നത്.
പോക്കറ്റ് മണി സേവനം എന്‍പിസിഐയുടെ യുപിഐ സര്‍ക്കിള്‍ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മാതാപിതാക്കള്‍ അല്ലെങ്കില്‍ അടുത്ത കുടുംബാംഗങ്ങള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുമായി കുട്ടികളുടെ പേടിഎം അക്കൗണ്ട് ബന്ധിപ്പിക്കാം. തുടര്‍ന്ന് കുട്ടികള്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍, ഓഫ്ലൈന് വ്യാപാരികളില്‍ യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ കഴിയും.
സുരക്ഷയ്ക്കും നിയന്ത്രണത്തിനും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. മാതാപിതാക്കള്‍ക്ക് പ്രതിമാസ ചെലവ് പരിധി നിശ്ചയിക്കാം, ഓരോ ട്രാന്‍സാക്ഷനും റിയല്‍ ടൈമില്‍ നിരീക്ഷിക്കാം, ആവശ്യമെങ്കില്‍ ഉടന്‍ സേവനം നിര്‍ത്തിവയ്ക്കാനും കഴിയും. ഒരു ഇടപാടിന് പരമാവധി 5,000 രൂപ വരെ മാത്രമേ അനുവദിക്കൂ. മാസത്തില്‍ ആകെ 15,000 രൂപ വരെയാണ് ചെലവഴിക്കാനാകുക. കൂടാതെ, സേവനം ആക്ടിവേറ്റ് ചെയ്തതിന് പിന്നാലെ ആദ്യ 30 മിനിറ്റില്‍ 500 രൂപ വരെ മാത്രവും ആദ്യ 24 മണിക്കൂറില്‍ 5,000 രൂപ വരെയും മാത്രം ഉപയോഗിക്കാനാകുന്ന സുരക്ഷാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ഡിവൈസ് ലോക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര പേയ്മെന്റുകളും കാഷ് വിത്ഡ്രോവലുകളും ഈ സംവിധാനത്തിലൂടെ അനുവദിക്കില്ലെന്നും പേടിഎം വ്യക്തമാക്കി. 'പേടിഎം സ്പെന്‍ഡ് സമ്മറി' എന്ന സംവിധാനവുമായി ഈ ഫീച്ചര്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ എന്തിനാണ് കൂടുതല്‍ പണം ചെലവഴിക്കുന്നതെന്ന് മാതാപിതാക്കള്‍ക്ക് കൃത്യമായി മനസിലാക്കാനും ചെലവുകള്‍ വിഭജിച്ച് പരിശോധിക്കാനും സാധിക്കും. ഇത് കുട്ടികളില്‍ സാമ്പത്തിക ശീലങ്ങളും ഉത്തരവാദിത്തബോധവും വളര്‍ത്താന്‍ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights: Paytm app has introduced a new feature, Pocket Money that allows teenagers to make payments through Unified Payments Interface (UPI) even without having their own bank account. Parents and family members can set spending limits and track transactions through the Paytm app.