ഷിവാസ് റീഗല്‍, അബ്‌സല്യൂട്ട് വോഡ്ക ബ്രാന്‍ഡുകളുടെ 'മുതലാളി'യാകാം; ഐപിഒക്ക് ഒരുങ്ങി പെര്‍നോഡ് റിക്കാര്‍ഡ്

ഐപിഒ വഴി 100 കോടി ഡോളറില്‍ കൂടുതല്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യാഥാര്‍ഥ്യമാവുകയാണെങ്കില്‍, ഇന്ത്യയിലെ മദ്യ വ്യവസായ മേഖലയിലെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായി ഇത് മാറും

പ്രമുഖ മദ്യ ബ്രാന്‍ഡുകളായ ഷിവാസ് റീഗല്‍, അബ്‌സല്യൂട്ട് വോഡ്ക തുടങ്ങിയ മദ്യ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി പെര്‍നോഡ് റിക്കാര്‍ഡ്, തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള (ഐപിഒ) പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രാഥമിക ഓഹരി വില്‍പനയ്ക്കായി ബാങ്കര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഗോള്‍ഡ്മാന്‍ സാക്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റിഗ്രൂപ്പ് തുടങ്ങിയ പ്രമുഖ നിക്ഷേപ ബാങ്കുകളുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.

ഐപിഒ വഴി 100 കോടി ഡോളറില്‍ കൂടുതല്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യാഥാര്‍ഥ്യമാവുകയാണെങ്കില്‍, ഇന്ത്യയിലെ മദ്യ വ്യവസായ മേഖലയിലെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായി ഇത് മാറും. പെര്‍നോഡ് റിക്കാര്‍ഡിനെ സംബന്ധിച്ചിടത്തോളം യുഎസ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന മദ്യ ഉപഭോഗവും പ്രീമിയം ബ്രാന്‍ഡുകളോടുള്ള താല്‍പര്യവും കണക്കിലെടുത്താണ് കമ്പനി ഈ നീക്കം നടത്തുന്നത്.

നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സ്, റാഡിക്കോ ഖൈത്താന്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുമായി നേരിട്ടുള്ള മത്സരത്തിനാകും പെര്‍നോഡ് റിക്കാര്‍ഡിന്റെ വരവ് വഴിയൊരുക്കുക. ഇന്ത്യയില്‍ ചില നികുതി പ്രശ്‌നങ്ങളും റെഗുലേറ്ററി തടസ്സങ്ങളും കമ്പനി നേരിടുന്നുണ്ടെങ്കിലും, അവയൊന്നും ഐപിഒ നീക്കത്തെ ബാധിക്കില്ലെന്നാണ് സൂചന. അതേസമയം കമ്പനി വക്താക്കള്‍ ഈ വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പെര്‍നോഡ് റിക്കാര്‍ഡിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. പ്രീമിയം ശ്രേണിയില്‍ അടക്കം നിരവധി ഉല്‍പന്നങ്ങളും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. റോയല്‍ സ്റ്റാഗ്, ബ്ലെന്‍ഡേഴ്‌സ് പ്രൈഡ്, 100 പിപേഴ്‌സ്, ഗ്ലെന്‍ലിവെറ്റ്, റോയല്‍ സല്യൂട്ട്, ജെയിംസണ്‍ ഐറിഷ് വിസ്‌കി പോലുള്ള ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഉടമസ്ഥാവകാശവും കമ്പനിക്കാണ്. ഇന്ത്യയില്‍ 24 നിര്‍മാണ യൂണിറ്റുകളാണുള്ളത്. ഇവിടങ്ങളില്‍ 1500ലേറെപേര്‍ ജോലി ചെയ്യുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനിക്ക് കീഴിലുള്ള ഇംപീരിയല്‍ ബ്ലൂ ബ്രാന്‍ഡിനെ 4150 കോടി രൂപയ്ക്ക് തിലകനഗര്‍ ഇന്‍ഡസ്ട്രീസിന് വിറ്റിരുന്നു.

Content Highlights: Chivas Regal, Absolut vodka maker Pernod Ricard is said to begin IPO process for India unit

To advertise here,contact us