വിദേശത്തേക്ക് പണം അയക്കുന്നവർ ശ്രദ്ധിക്കുക: നിശ്ചിത തുകയ്ക്ക് മുകളിൽ പോയാൽ 20% നികുതി

വിദേശത്തേക്ക് പണം അയക്കുമ്പോൾ മുമ്പ് ഉണ്ടായിരുന്ന സങ്കീർണ്ണമായ പല നിയമങ്ങളിലും സർക്കാർ മാറ്റം വരുത്തിയിരിക്കുകയാണ്.

വിദേശത്ത് പഠിക്കുന്ന മക്കൾക്ക്, വിദേശയാത്രകൾക്ക്, നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെയായി നമ്മള്‍ വിദേശത്തേക്ക് പണം അയക്കാറുണ്ട്. വിദേശത്തേക്ക് പണം അയക്കുന്നത് മുമ്പ് സങ്കീർണ്ണമായ പല നിയമങ്ങളും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അതിനെല്ലാം സർക്കാർ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. 2026 ഏപ്രിൽ 1 മുതലാണ് മാറ്റങ്ങൾ വന്നിരിക്കുന്നത്.

 ഫോം 15CA-യ്ക്ക് പകരം ഫോം 145

മുമ്പ് വിദേശത്തേക്ക് പണം അയക്കാൻ ഫോം 15CA പോലുള്ള പേപ്പർ വർക്കുകൾ ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഇതിന് പകരമായി ഫോം 145 എന്ന ലളിതമായ രീതി കൊണ്ടുവന്നു. ഇത് പണം അയക്കുന്ന പ്രക്രിയ കൂടുതൽ എളുപ്പമാക്കും.നിങ്ങളുടെ പണമടയ്ക്കൽ ഒരു സാമ്പത്തിക വർഷത്തിൽ 5 ലക്ഷം രൂപയ്ക്കുള്ളിലാണെങ്കിൽ, കുറഞ്ഞ രേഖകൾ ഉപയോഗിച്ച് ഇത് പൂർത്തിയാക്കാം.

ബാങ്കുകൾ നേരിട്ട് വിവരം നൽകും

നിങ്ങൾ വിദേശത്തേക്ക് പണം അയക്കുമ്പോൾ അതിന്റെ വിവരങ്ങൾ ബാങ്കുകൾ നേരിട്ട് ആദായനികുതി വകുപ്പിനെ അറിയിക്കും.  ഓരോ തവണയും രേഖകൾ സമർപ്പിക്കേണ്ടി വരുന്നത് ഇതിലൂടെ കുറയും. പക്ഷേ, വലിയ തുകകൾ അയക്കുമ്പോൾ സർക്കാർ അത് കൃത്യമായി നിരീക്ഷിക്കുന്നുണ്ടാകും എന്ന് ഓർക്കണം.

പണത്തിന്റെ പരിധിയും നികുതിയും

വിദേശത്തേക്ക് പണം അയക്കുമ്പോൾ നിശ്ചിത തുകയ്ക്ക് മുകളിൽ പോയാൽ 20% ടി സി എസ് നൽകേണ്ടി വരും. അതായത്, നിങ്ങൾ പണം അയക്കുമ്പോൾ തന്നെ ഒരു നിശ്ചിത ശതമാനം നികുതിയായി ബാങ്ക് ഈടാക്കും. പിന്നീട് നിങ്ങൾ ആദായനികുതി റിട്ടേൺ  ഫയൽ ചെയ്യുമ്പോൾ ഈ തുക തിരികെ ലഭിക്കുകയോ നികുതിയിൽ കുറവ് വരുത്തുകയോ ചെയ്യും.

സർക്കാരിന്റെ ലക്ഷ്യം

നികുതി വെട്ടിപ്പും പണം ദുരുപയോഗം ചെയ്യുന്നതും തടയുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. സാധാരണക്കാരായ ആളുകൾക്ക്, ഉദാഹരണത്തിന് കുട്ടികളുടെ പഠനത്തിന് പണം അയക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും, അതേസമയം പണമിടപാടുകളിൽ കൂടുതൽ വ്യക്തത കൊണ്ടുവരികയും ചെയ്യുകയാണ് ഈ പരിഷ്കാരം വഴി ചെയ്യുന്നത്.ഒരു സാമ്പത്തിക വർഷം ഇന്ത്യയിലുള്ള ഒരാൾക്ക് ഏകദേശം 2.06 കോടി രൂപ വരെ വിദേശത്തേക്ക് അയക്കാൻ അനുവാദമുണ്ട്. ഈ പരിധിക്കുള്ളിൽ നിന്നുകൊണ്ടായിരിക്കണം പുതിയ ഫോം 145 വഴി പണം അയക്കേണ്ടത്. ഈ പണം താഴെ പറയുന്ന ആവശ്യങ്ങൾക്കായി ഉപയോഗിക്കാം

  • വിദേശത്ത് പഠിക്കുന്ന കുട്ടികളുടെ ഫീസും മറ്റ് ചെലവുകളും.
  •  വിദേശത്തുള്ള ചികിത്സാ ആവശ്യങ്ങൾക്കായി.
  •  വിദേശ രാജ്യങ്ങളിൽ വസ്തു വാങ്ങാനോ ഓഹരി വിപണിയിൽ  നിക്ഷേപിക്കാനോ.
  •  വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകൾ
  •  വിദേശത്തുള്ള ബന്ധുക്കളുടെ ജീവിതച്ചെലവിനായി അയക്കുന്ന പണം.

 പുതിയ നിയമങ്ങൾ വന്നാലും പണം അയക്കാവുന്ന പരമാവധി തുകയിൽ മാറ്റമില്ല. എന്നാൽ ഈ പണം അയക്കുമ്പോൾ അത് പുതിയ ഫോം 145 വഴി കൃത്യമായ രേഖകൾ സഹിതം വേണം ചെയ്യാൻ എന്ന് മാത്രം.അതുപോലെ  നിങ്ങൾ അയക്കുന്ന ഓരോ രൂപയും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. അതുകൊണ്ട് കൃത്യമായ രേഖകൾ കൈവശം വെക്കുന്നത് നല്ലതാണ്.

Content Highlights: From April 1, 2026, Form 145 replaces Form 15CA for foreign remittances. Learn about the ₹5 lakh & ₹10 lakh limits, 20% TCS, and new digital rules for sending money abroad.

To advertise here,contact us