എന്താണ് എച്ച്ഡിഎഫ്സി ബാങ്കിൽ നടക്കുന്നത്? നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഉന്നത തലത്തിലുള്ള രാജി, ഉദ്യോഗസ്ഥരെ പിരിച്ചുവിടൽ, ഓഹരി വിപണിയിലെ തിരിച്ചടി എന്നിങ്ങനെ തുടർച്ചയായ പ്രശ്നങ്ങളിലൂടെയാണ് ബാങ്ക് കടന്നുപോകുന്നത്.

1 min read|09 Apr 2026, 09:03 pm

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് പല കാരണങ്ങൾ കൊണ്ട് വാർത്തയിൽ നിറഞ്ഞു നിൽക്കുകയാണ്.   ഉന്നത തലത്തിലുള്ള രാജി, ഉദ്യോഗസ്ഥരെ പിരിച്ചുവിടൽ, ഓഹരി വിപണിയിലെ തിരിച്ചടി എന്നിങ്ങനെ തുടർച്ചയായ പ്രശ്നങ്ങളിലൂടെയാണ് ബാങ്ക് കടന്നുപോകുന്നത്.

 ചെയർമാന്റെ പെട്ടെന്നുള്ള രാജി

മാർച്ച് 18ന് ബാങ്ക് ചെയർമാൻ അതാനു ചക്രവർത്തി അപ്രതീക്ഷിതമായി രാജിവെച്ചു. ഇത് നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം സ്ഥാനമൊഴിയുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-ലാണ് അദ്ദേഹം മൂന്ന് വർഷത്തേക്ക് ചെയർമാനായി നിയമിതനായത്. കാലാവധി നീട്ടാൻ ബാങ്ക് താൽപര്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.

ബാങ്കിനുള്ളിലെ ആഭ്യന്തര അന്വേഷണങ്ങൾ

ദുബായ് ശാഖയിൽ നടന്ന ബോണ്ട് വിൽപനയിലെ ക്രമക്കേടുകൾ  ബാങ്കിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഈ സംഭവത്തിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കുകയും പലർക്കുമെതിരെ നടപടിയെടുക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണപരമായ പരാജയമായി ഇത് വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ, ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താകാം ഈ രാജി എന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.എച്ച്‌ഡിഎഫ്‌സി ലിമിറ്റഡും എച്ച്‌ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള ലയനത്തിന് ശേഷം ബാങ്കിന്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. റിസർവ് ബാങ്കിന്റെ കർശന നിബന്ധനകളും ബാങ്കിന്റെ ലാഭക്ഷമതയിലുണ്ടായ കുറവും മാനേജ്‌മെന്റിൽ വലിയ സമ്മർദമുണ്ടാക്കിയിരുന്നു. ഈ സമ്മർദങ്ങളും രാജിയുടെ പശ്ചാത്തലമായിരിക്കാം.

 ക്രെഡിറ്റ് സൂയിസ് ബോണ്ട് വിവാദം

ഇതാണ് ഈ പ്രശ്നങ്ങളുടെ പ്രധാന കാരണം. 2023ൽ നടന്ന ഒരു സംഭവമാണിത്. എച്ച്ഡിഎഫ്സി ബാങ്കിലെ ചില ഉദ്യോഗസ്ഥർ തങ്ങളുടെ ഉപഭോക്താക്കളെ ഒരു കാര്യം പറഞ്ഞ് വിശ്വസിപ്പിച്ചു: "നിങ്ങളുടെ പണം ഇന്ത്യയിൽ നിക്ഷേപിക്കുന്നതിനേക്കാൾ ലാഭം ബഹ്‌റൈൻ വഴി സ്വിസ് ബാങ്കായ 'ക്രെഡിറ്റ് സൂയിസിന്റെ' AT1 ബോണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്."ഇതുകേട്ട് പലരും വൻതുക നിക്ഷേപിച്ചു.എന്നാൽ ക്രെഡിറ്റ് സൂയിസ് ബാങ്ക് തകരുകയും മറ്റൊരു ബാങ്കായ യു ബി എസ്  അത് ഏറ്റെടുക്കുകയും ചെയ്തപ്പോൾ, ഈ ബോണ്ടുകളുടെ മൂല്യം പൂജ്യം  ആയി മാറി. അതായത്, നിക്ഷേപകരുടെ പണം പൂർണമായും നഷ്ടപ്പെട്ടു.

 നിയമപരമായ നിയന്ത്രണങ്ങൾ

തെറ്റായ രീതിയിൽ ബോണ്ടുകൾ വിറ്റതിനെത്തുടർന്ന് ദുബായിലെ സാമ്പത്തിക അതോറിറ്റി എച്ച്ഡിഎഫ്സി ബാങ്കിന് പുതിയ ഇടപാടുകാരെ ചേർക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിബാങ്ക് ഉദ്യോഗസ്ഥർ ലാഭത്തിനായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു എന്നത് ബാങ്കിന്റെ വിശ്വാസ്യതയെ ബാധിച്ചു. ഈ വാർത്തകൾ പുറത്തുവന്നതോടെ മാർച്ച് 18-ന് ശേഷം ബാങ്കിന്റെ ഓഹരി വില 11 ശതമാനം ഇടിഞ്ഞു. ബാങ്കിൽ ഓഹരി നിക്ഷേപമുള്ളവർക്ക് ഇത് വലിയ നഷ്ടമുണ്ടാക്കി.

ലാഭകരമല്ലാത്തതും അപകടസാധ്യതയുള്ളതുമായ നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് പറഞ്ഞ് ഉപഭോക്താക്കളെക്കൊണ്ട് ചെയ്യിച്ചതാണ് എച്ച്ഡിഎഫ്സി ബാങ്കിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഇതിനെത്തുടർന്ന് ബാങ്കിന്റെ ഉന്നതതലത്തിൽ അഴിച്ചുപണികൾ നടക്കുകയാണ്.

Content Highlights: HDFC Bank crisis explained

To advertise here,contact us