2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ഏകദേശം 64% വാർഷിക വരുമാന വളർച്ച രേഖപ്പെടുത്തി. 2026 സാമ്പത്തിക വർഷത്തിൽ വരുമാനം 42% വർദ്ധിച്ചു.എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം, പ്രധാന വിപണികളിലുടനീളമുള്ള ശക്തമായ വളർച്ച കാരണം, നാലാം പാദത്തിൽ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ 65% ത്തിലധികം വരുമാന വളർച്ച കൈവരിച്ചു. പുതിയ ഷോറൂമുകൾ തുറന്നതും പഴയ ഷോറൂമുകളിലെ വിൽപ്പന വർധിച്ചതും ഇതിന് കാരണമായി.
ഡിജിറ്റൽ പ്ലാറ്റ്ഫോം
കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമായ 'കാൻഡിയർ' വരുമാനത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. 360% വളർച്ചയാണ് ഈ പ്ലാറ്റ് ഫോമിൽ നിന്ന് മാത്രം നേടിയത്. സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 80-ലധികം ഷോറൂമുകൾ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ ഭൂരിഭാഗവും ഫ്രാഞ്ചൈസി മാതൃകയിലായിരിക്കും.സ്വർണ്ണ വിലയിൽ ചാഞ്ചാട്ടമുണ്ടായിട്ടും വിവാഹ ആവശ്യങ്ങളും , നിക്ഷേപമായി സ്വർണ കോയിനുകൾ വാങ്ങിയതുമെല്ലാം ഡിമാൻഡ് വളർത്തിയ ഘടകങ്ങളാണ്. 2026 മാർച്ചിൽ അവസാനിച്ച മൂന്ന് മാസത്തിൽ കല്യാൺ ജ്വല്ലേഴ്സിന്റെ രാജ്യാന്തര വിപണികളിൽ നിന്നും ഏകദേശം 45% വാർഷിക വരുമാന വളർച്ച കൈവരിക്കാനായി .
കുതിക്കാൻ കൂടുതൽ അവസരം
കഴിഞ്ഞ പാദത്തിൽ ഇന്ത്യയിൽ 28 കല്യാൺ ഷോറൂമുകളും 14 കാൻഡിയർ ഷോറൂമുകളും അവർ ആരംഭിച്ചു. ഇന്ത്യയിലും രാജ്യാന്തര വിപണികളിലുമായി ആകെ ഷോറൂമുകളുടെ എണ്ണം 507 ആണ്.നടപ്പ് പാദത്തിൽ കമ്പനി ശുഭാപ്തിവിശ്വാസത്തോടെ തുടരുകയാണെന്നും അക്ഷയ തൃതീയയ്ക്കും ഉത്സവ,വിവാഹ സീസണിലെ വിവാഹ വാങ്ങലുകൾക്കും മുൻകൂർ കളക്ഷനുകളിൽ നല്ല ഡിമാൻഡ് കാണുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഇന്ന് രാവിലെ ഓഹരി വിപണി തുറന്നപ്പോൾ കല്യാൺ ജ്വെല്ലേഴ്സിന്റെ ഓഹരികൾ ഉയർച്ചയിൽ ആണ്.