ബാങ്ക് ഓഹരികളെ കൈവിട്ട് വിദേശ നിക്ഷേപകർ, മാർച്ചിൽ പോയത് 60,000 കോടി

വിദേശികൾ വിറ്റഴിച്ച ഓഹരികളിൽ പകുതിയും ബാങ്ക് ഓഹരികളായിരുന്നു

വിദേശ നിക്ഷേപകർ ഏകദേശം 60,655 കോടി രൂപയുടെ ബാങ്ക് ഓഹരികളാണ് മാർച്ചിൽ വിറ്റൊഴിഞ്ഞത്.ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ട ഓരോ രണ്ട് ഡോളറിലും ഒന്ന് ബാങ്കിംഗ് അല്ലെങ്കിൽ സാമ്പത്തിക മേഖലയിൽ നിന്നുള്ളതായിരുന്നു. അതായത്, വിദേശികൾ വിറ്റഴിച്ച ഓഹരികളിൽ പകുതിയും ബാങ്ക് ഓഹരികളായിരുന്നു.മാർച്ച് മാസത്തിൽ ബാങ്ക് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 17% ഇടിഞ്ഞു. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പൊതുമേഖലാ ബാങ്കുകൾക്കാണ്. ഇവയുടെ മൂല്യം ഏകദേശം 20% ഓളം ഇടിഞ്ഞു. ഫിനാൻഷ്യൽ സർവീസ് മേഖല 15.6% ഇടിഞ്ഞപ്പോൾ, മൊത്തത്തിലുള്ള ഓഹരി വിപണി  11% ലധികം തകർന്നു.

നിക്ഷേപകർക്കുള്ള അവസരം

വിദേശികൾ വിറ്റൊഴിഞ്ഞതോടെ ബാങ്ക് ഓഹരികളുടെ വില കുറഞ്ഞു. എന്നാൽ, ബാങ്ക് ഓഹരികളുടെ ഇപ്പോഴത്തെ വില ആകർഷകമാണെന്നും ദീർഘകാല നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഓഹരികൾ വാങ്ങാൻ പറ്റിയ സമയമാണിതെന്നും വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.ബാങ്കിംഗ് മേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ ജെഫറീസ് നിർദ്ദേശിക്കുന്നു. എസ് ബി ഐ , എച്ച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക്  എന്നീ ബാങ്കുകളിലെ തങ്ങളുടെ നിക്ഷേപം അവർ 3 ശതമാനം വർദ്ധിപ്പിച്ചു.കോവിഡ് കാലത്തെ അത്രയും കുറഞ്ഞ വിലയിലാണ്  ഇപ്പോൾ ബാങ്ക് ഓഹരികൾ ലഭിക്കുന്നത് എന്ന കാരണമാണ് ഇതിന് പിന്നിൽ.ലാഭവിഹിതത്തിൽ  വലിയ കുറവുണ്ടാകാൻ സാധ്യതയില്ലെന്നും സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും കരുതുന്നതിനാൽ ഇനി അങ്ങോട്ട് ബാങ്ക് ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അവർ വിശ്വസിക്കുന്നു.

 വിദേശ നിക്ഷേപകർ വിറ്റതും വാങ്ങിയതും

വിദേശ നിക്ഷേപകർ ഏറ്റവും കൂടുതൽ വിറ്റഴിച്ച മേഖലകൾ ഓട്ടോമൊബൈൽ 12,498 കോടി രൂപ, കൺസ്ട്രക്ഷൻ 9,154 കോടി രൂപ, ടെലികോം 5,603 കോടി രൂപ,എഫ് എം സി ജി  5,419 കോടി രൂപ എന്നിങ്ങനെയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  മേഖലയിലെ മാറ്റങ്ങൾ ഐടി കമ്പനികളെ ബാധിക്കുമെന്ന് പേടിയുണ്ടായിട്ടും, ഈ മേഖലയിൽ വലിയ വിറ്റഴിക്കൽ ഉണ്ടായില്ല.

 ഈ തകർച്ചയ്ക്കിടയിലും വിദേശികൾ ക്യാപിറ്റൽ ഗുഡ്‌സ് മേഖലയിൽ  പണം നിക്ഷേപിച്ചു.  ഏകദേശം 3,118 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി.

Content Highlight: Most of the shares sold by FIIs are from banking sector

To advertise here,contact us