സ്വർണം വാങ്ങാൻ ഇതാണോ പറ്റിയ സമയം? വില വീണ്ടും കുത്തനെ ഇടിയുന്നു

റെക്കോർഡ് നിലയിൽ നിന്നും 25,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുകയാണ്. ഇന്ന് മാത്രം പവന് 1,240 രൂപയാണ് കുറഞ്ഞത് . ഇതോടെ 22 കാരറ്റ് സ്വ‍ർണം ഒരു പവന് 1,05,880 രൂപയും ഗ്രാമിന് 155 രൂപയുടെ ഇടിവോടെ 13,235 രൂപയിലുമാണ് വ്യപാരം പുരോഗമിക്കുന്നത്. ഇതോടെ ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നില തൊട്ടിരിക്കുകയാണ് വില. പത്താം തിയതി രേഖപ്പെടുത്തിയ 1,11,040 എന്ന നിരക്കാണ് ഒക്ടോബർ മാസത്തിലെ ഉയർന്ന വില നിലവാരം. അവിടെ നിന്നും 5,160 രൂപയുടെ കുറവാണ് വിലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യാന്തര തലത്തിലെ സ്വർണ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നിലവിൽ ട്രോയ് ഔൺസിന് 4,088 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ താഴുന്നതിന് പിന്നിൽ അമേരിക്കയിലെ പണപ്പെരുപ്പവും പലിശനിരക്കുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് പ്രധാന കാരണങ്ങൾ.

പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന വിലയിരുത്തൽ ശക്തമായതോടെ സ്വർണ വിപണിയിൽ സമ്മർദം വർധിച്ചു. പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തേക്കാൾ കൂടുതൽ നേട്ടം നൽകുന്ന ബോണ്ടുകൾ പോലുള്ള നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ മാറാനുള്ള സാധ്യതയും വിലയിടിവിന് കാരണമാകുന്നു. ഇതിനൊപ്പം യുഎസ് ഡോളർ ശക്തമാകുന്നതും സ്വർണത്തിന്റെ ആഗോള ആവശ്യകതയെ ബാധിക്കുന്നുണ്ട്.

എന്നാൽ സ്വർണ വിലയിലെ ഈ ഇടിവ് ദീർഘകാല മുന്നേറ്റം അവസാനിച്ചതിന്റെ സൂചനയല്ലെന്നാണ് ചില സാമ്പത്തിക സ്ഥാപനങ്ങളുടെ വിലയിരുത്തൽ. കേന്ദ്രബാങ്കുകൾ തുടരുന്ന സ്വർണവാങ്ങൽ, ഏഷ്യൻ രാജ്യങ്ങളിലെ നിക്ഷേപ ആവശ്യം, ആഗോള സാമ്പത്തിക അനിശ്ചിതത്വം, സർക്കാരുകളുടെ വർധിച്ചുവരുന്ന കടബാധ്യത എന്നിവ സ്വർണവിലയ്ക്ക് പിന്തുണ നൽകുന്ന ഘടകങ്ങളാണ്.

സ്വർണ വില കേരളത്തിൽ സർവകാല ഉയരം തൊട്ടത് ജനുവരിയിൽ ആയിരുന്നു. അന്ന് പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമുമായിരുന്നു നിരക്ക്. റെക്കോർഡ് നിലയിൽ നിന്നും 25,280 രൂപയുടെ ഇടിവാണ് 10 മാസം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

  • ഒക്ടോബർ 21- 1,07,120 രൂപ
  • ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ
  • ഒക്ടോബർ 19- 1,08,560 രൂപ
  • ഒക്ടോബർ 18- 1,08,280 രൂപ
  • ഒക്ടോബർ 17- 1,08,280 രൂപ
  • ഒക്ടോബർ 16- 1,08,120 രൂപ
  • ഒക്ടോബർ 15- 1,08,120 രൂപ
  • ഒക്ടോബർ 14- 1,08,720 രൂപ
  • ഒക്ടോബർ 13- 1,09,480 രൂപ
  • ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ

Content Highlights: Gold Price Today: Another Drop in Gold Rates! Is This the Best Time to Buy Gold?

To advertise here,contact us