ഇന്ത്യൻ റെയിൽവേ തങ്ങളുടെ ജനപ്രിയ സർവീസായ നോൺ-എസി സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളിൽ നിന്ന് കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി 74,000 കോടിയിലധികം രൂപയുടെ വരുമാനം നേടിയതായി റിപ്പോർട്ടുകൾ. സാധാരണക്കാരും മധ്യവർഗക്കാരുമായ യാത്രക്കാരുടെ പ്രധാന ആശ്രയമായ സ്ലീപ്പർ കോച്ചുകളിൽ നിന്ന് 2021-22 നും 2025-26 നും ഇടയിൽ മാത്രം 74,072 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്.
റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 141.56 കോടിയിലധികം യാത്രക്കാരാണ് സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്തത്. 2021-22 സാമ്പത്തിക വർഷത്തിൽ 29.30 കോടിയായിരുന്ന യാത്രക്കാരുടെ എണ്ണം തൊട്ടടുത്ത വർഷം 38.30 കോടിയായി കുത്തനെ ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും 2025-26 വർഷത്തിൽ യാത്രക്കാരുടെ എണ്ണം വീണ്ടും 37.16 കോടിയായി വർദ്ധിച്ചു. ഉത്സവ സീസണുകളിലാണ് സ്ലീപ്പർ ക്ലാസുകളിൽ യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.
യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള വൻ ഡിമാൻഡ് പരിഗണിച്ച്, പഴയ ഐസിഎഫ് കോച്ചുകൾക്ക് പകരം ആധുനിക സാങ്കേതികവിദ്യയോടു കൂടിയ എൽഎച്ച്ബി കോച്ചുകളിലേക്ക് ഇന്ത്യൻ റെയിൽവേ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭാരം കുറഞ്ഞതും സുരക്ഷിതവുമായ ഈ എൽഎച്ച്ബി കോച്ചുകൾ മാത്രമേ 2018 ഏപ്രിൽ മുതൽ റെയിൽവേ നിർമ്മിക്കുന്നുള്ളൂ. ഏകദേശം 2 കോടി രൂപ നിർമ്മാണച്ചെലവുള്ള ഒരു നോൺ-എസി സ്ലീപ്പർ എൽഎച്ച്ബി കോച്ചിന് 35 വർഷത്തെ ആയുസ്സും 80 യാത്രക്കാരെ ഒരേസമയം ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്.
നിലവിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 62,000 നോൺ-എസി കോച്ചുകളും 27,000 എസി കോച്ചുകളുമാണുള്ളത്. ഇത് വഴി ദിവസേന രാജ്യത്തുടനീളം 54 ലക്ഷം നോൺ-എസി സീറ്റുകളും 15 ലക്ഷം എസി സീറ്റുകളും ഉൾപ്പെടെ ആകെ 69 ലക്ഷം സീറ്റുകളാണ് യാത്രക്കാർക്കായി റെയിൽവേ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ നോൺ-എസി ക്ലാസുകൾ തന്നെയാണ് റെയിൽവേയുടെ നട്ടെല്ലെന്ന് ഈ കണക്കുകൾ വീണ്ടും അടിവരയിടുന്നു.
Content Highlights:Indian Railways earned ₹74,072 crore from non-AC sleeper class tickets between FY 2021–22 and FY 2025–26.More than 141.56 crore passengers travelled in sleeper coaches during the five-year period.Sleeper class passenger numbers reached 37.16 crore in FY 2025–26.