റെയിൽവേ സ്റ്റേഷൻ കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷണ വില വർധിപ്പിച്ചു; കൂട്ടിയത് 5 മുതൽ 15 രൂപ വരെ

പ്രാതൽ വിഭവങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും കാര്യമായ വിലവർധനയുണ്ട്

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ നിരക്ക് വർധിപ്പിച്ചു. വിവിധ വിഭവങ്ങൾക്ക് 5 രൂപ മുതൽ 15 രൂപ വരെയാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. സാധാരണക്കാരായ യാത്രക്കാരെ നേരിട്ട് ബാധിക്കുന്നതാണ് പുതിയ നിരക്ക് വർധന.

പ്രാതൽ വിഭവങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും കാര്യമായ വിലവർധനയുണ്ട്. രണ്ട് ഇഡ്ഡലിക്ക് (ചട്നി/സാമ്പാറിനൊപ്പം) 25 രൂപയാണ് പുതിയ നിരക്ക്. ഉഴുന്നുവട (2 എണ്ണം), പരിപ്പുവട (2 എണ്ണം), ഉരുളക്കിഴങ്ങ് ബോണ്ട (2 എണ്ണം), സമൂസ (2 എണ്ണം), മസാലദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപയായി വില പുതുക്കി നിശ്ചയിച്ചു. മുൻപ് 40 രൂപയായിരുന്ന വെജ് കട്‌ലറ്റിന് (2 എണ്ണം) ഇനിമുതൽ 50 രൂപ നൽകണം. ടൊമാറ്റോ സൂപ്പിന്റെ വില 30 രൂപയായി ഉയർത്തി.

ഉച്ചയൂണിനും വില വർധിച്ചിട്ടുണ്ട്. 95 രൂപയായിരുന്ന മീൻകറി ഊണിന് ഇനി 110 രൂപ നൽകണം.

ചിക്കൻ കറിക്ക് 95 രൂപയും ചിക്കൻ ഫ്രൈഡ് റൈസിന് 105 രൂപയുമാണ് പുതിയ നിരക്ക്. എഗ്ഗ് ഫ്രൈഡ് റൈസിന് 80 രൂപയും വെജ് ഫ്രൈഡ് റൈസിന് 65 രൂപയുമാകും. അതേസമയം, ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ), പഴംപൊരി (20 രൂപ) എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. യാത്രക്കാർക്കിടയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഈ വിഭവങ്ങളുടെ നിരക്ക് പഴയപടി നിലനിർത്തിയത് മാത്രമാണ് ആശ്വാസം.

Content Highlights: railway-station-catering-food-prices-increased-by-rs-5-to-rs-15

To advertise here,contact us