ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്താൻ റഷ്യയിൽ നിന്ന് അഞ്ച് എസ്-400 ‘സുദർശൻ’ വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ നീക്കം. ഇതിനായി റഷ്യ ഇന്ത്യയ്ക്ക് നിർദേശം സമർപ്പിച്ചതായാണ് എഎൻഐ റിപ്പോർട്ട്. ഏകദേശം ₹50,000 കോടി മൂല്യമുള്ള ഇടപാടാണിത്. ഇന്ത്യ മുന്നോട്ടുവച്ച ടെൻഡറിന് മറുപടിയായാണ് റഷ്യ നിർദേശം സമർപ്പിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം നിർദേശം പരിശോധിച്ചുവരികയാണ്. കരാർ യാഥാർഥ്യമായാൽ രാജ്യത്തിന്റെ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനത്തിൽ വലിയ ശക്തിവർധനയാകും.
2018-ൽ റഷ്യയുമായി ഒപ്പുവച്ച കരാറിന്റെ ഭാഗമായി ഇന്ത്യ അഞ്ച് എസ്-400 സ്ക്വാഡ്രണുകൾക്കാണ് ഓർഡർ നൽകിയത്. ഇതിൽ നാല് സംവിധാനങ്ങൾ ഇതിനകം ഇന്ത്യയിൽ എത്തിച്ചുകഴിഞ്ഞു. അഞ്ചാമത്തെ എസ്-400 സ്ക്വാഡ്രൺ ഈ വർഷം നവംബറോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ അഞ്ച് യൂണിറ്റുകൾക്കുള്ള കരാർ ഒപ്പുവച്ചാൽ, അവയുടെ വിതരണം ഏകദേശം മൂന്ന് വർഷത്തിന് ശേഷം ആരംഭിക്കാനാണ് സാധ്യത.
അടുത്തിടെ നടന്ന ഓപ്പറേഷൻ സിന്ദൂർ സമയത്ത് എസ്-400 സംവിധാനങ്ങൾ ഇന്ത്യൻ വ്യോമപ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ചതാണ് കൂടുതൽ യൂണിറ്റുകൾ വാങ്ങാനുള്ള നീക്കത്തിന് പ്രധാന കാരണങ്ങളിലൊന്ന്. പാകിസ്താന്റെ നിരീക്ഷണ വിമാനങ്ങളും യുദ്ധവിമാനങ്ങളും ഉൾപ്പെടെയുള്ള വ്യോമഭീഷണികളെ നേരിടുന്നതിൽ എസ്-400യുടെ ദീർഘദൂര ശേഷി ഇന്ത്യയ്ക്ക് വലിയ നേട്ടമായി. ഇന്ത്യൻ അതിർത്തിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ പരിധിയിലുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കാൻ സംവിധാനത്തിന് കഴിയുന്നതായാണ് റിപ്പോർട്ടുകൾ.
ഓപ്പറേഷൻ സിന്ദൂരിനിടെ ഒരു പാക് വ്യോമസേന നിരീക്ഷണ വിമാനം 314 കിലോമീറ്റർ അകലെ നിന്ന് എസ്-400 തകർത്തതായി റിപ്പോർട്ടുകളുണ്ട്. എസ്-400 ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദൂരമേറിയ ആക്രമണങ്ങളിലൊന്നാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
പുതിയ അഞ്ച് സ്ക്വാഡ്രണുകൾ ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ വിന്യസിച്ച് രാജ്യത്തിന്റെ ലെയേർഡ് എയർ ഡിഫൻസ് നെറ്റ്വർക്ക് കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യം. ഇതിനുപുറമെ എസ്-400 സംവിധാനങ്ങൾക്കായി 280-ലേറെ മിസൈലുകൾ കൂടി ഇന്ത്യ വാങ്ങുന്നുണ്ട്.
അതേസമയം, റഷ്യൻ പ്രതിരോധ സംവിധാനങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി പ്രോജക്ട് കുഷ എന്ന ദീർഘദൂര വ്യോമപ്രതിരോധ സംവിധാനം വികസിപ്പിച്ചുവരികയാണ്. രാജ്യത്തിന്റെ ഭാവിയിലെ വ്യോമപ്രതിരോധ തന്ത്രത്തിൽ എസ്-400യും തദ്ദേശീയ സംവിധാനങ്ങളും ഒരുമിച്ച് പ്രധാന പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Russia proposes five more S-400 air defence systems for India Deal estimated at around ₹50,000 crore Proposal submitted in response to India’s tender S-400 played a key role during Operation Sindoor.