സ്വർണവില 10 ഗ്രാമിന് 15 ലക്ഷം രൂപയിലെത്തുമോ? വന്‍ കുതിപ്പ് പ്രവചിച്ച് ബില്യണയർ തോമസ് കപ്ലാൻ

സ്വർണവിലയിലുണ്ടാകുന്ന ഈ വൻ കുതിച്ചുചാട്ടം വെറുമൊരു സാധ്യത മാത്രമല്ല, അനിവാര്യമായ ഒന്നാണെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി

ആഗോള വിപണിയിൽ വരുംവർഷങ്ങളിൽ സ്വർണവില നിലവിലുള്ളതിന്റെ പത്തിരട്ടിയായി വർധിച്ചേക്കുമെന്ന് പ്രമുഖ ശതകോടീശ്വരനും ഇലക്ട്രം ഗ്രൂപ്പ് ചെയർമാനുമായ തോമസ് കപ്ലാൻ. ഔൺസിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപയിലധികം) വരെയായി സ്വർണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

ഒരു ഡോളറിന് ശരാശരി 95 രൂപ എന്ന കണക്കിൽ മാറ്റിയാൽ, ഇത് ഇന്ത്യൻ വിപണിയിൽ 10 ഗ്രാം സ്വർണത്തിന് ഏകദേശം 15 ലക്ഷം രൂപയോളം വരും. സ്വർണവിലയിലുണ്ടാകുന്ന ഈ വൻ കുതിച്ചുചാട്ടം വെറുമൊരു സാധ്യത മാത്രമല്ല, അനിവാര്യമായ ഒന്നാണെന്നും കിറ്റ്കോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഔൺസിന് 4,600 ഡോളർ നിരക്കിലാണ് ആഗോളതലത്തിൽ സ്വർണ വ്യാപാരം നടക്കുന്നത്. 2025-ലെ റെക്കോർഡ് കുതിപ്പിന് ശേഷം വിപണിയിൽ സമീപമാസങ്ങളിൽ ഇടിവുകള്‍ നേരിട്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവും വെള്ളിയും കുതിച്ചുയരുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രമുഖ സാമ്പത്തിക വിദഗ്ധനായ ജിം റോജേഴ്സ്, 'റിച്ച് ഡാഡ് പുവർ ഡാഡ്' രചയിതാവ് റോബർട്ട് കിയോസാക്കി എന്നിവരും വിലക്കയറ്റ സാധ്യതകളെ പിന്തുണയ്ക്കുന്നവരാണ്.

വിപണിയിലെ നിലവിലെ ഇടിവിനെ 1987-ലെ ചരിത്രപ്രസിദ്ധമായ 'ബ്ലാക്ക് മൺഡേ' ഓഹരി വിപണി തകർച്ചയോടാണ് കപ്ലാൻ ഉപമിക്കുന്നത്. അന്ന് ഓഹരി വിപണിയിൽ 36 ശതമാനത്തോളം വൻ ഇടിവ് ഉണ്ടായെങ്കിലും, ദീർഘകാല ചാർട്ടുകൾ പരിശോധിക്കുമ്പോൾ അത് മികച്ചൊരു വാങ്ങൽ അവസരമായിരുന്നുവെന്ന് വ്യക്തമാകും. അതുപോലെ സ്വർണവിപണിയിലെ ഇപ്പോഴത്തെ തിരുത്തലുകൾ നിക്ഷേപകർക്ക് മികച്ച അവസരമാണെന്നും, ഇടക്കാലത്തും ദീർഘകാലത്തും സ്വർണവും വെള്ളിയും ഇപ്പോഴുള്ള നിലവാരത്തിൽ നിന്ന് പലമടങ്ങ് വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Billionaire investor Thomas Kaplan has made an extremely bullish long-term forecast for gold, saying he can see the metal reaching $30,000–$50,000 an ounce. At an assumed ₹95 per dollar, $50,000 would translate to roughly ₹15 lakh per 10 grams. Kaplan did not provide a specific timeframe and described the prediction as a long-term view, not a near-term target.

To advertise here,contact us