ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന യശ്വന്ത്പുർ മുതൽ കെആർ പുരം വരെയുള്ള 28 കിലോമീറ്റർ എലിവേറ്റഡ് ടോൾ ഫ്ളൈഓവർ പദ്ധതിക്ക് ടെന്ഡർ ക്ഷണിച്ച് ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (BSMILE) . നഗരത്തിനകത്തെ ആദ്യ ടോൾ ഫ്ളൈഓവറായ ഈ പദ്ധതി 3,536 കോടി രൂപ ചെലവിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
'ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ' മാതൃകയിൽ 30 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ പരമാവധി 32.5 വർഷം (11,863 ദിവസം) ടോൾ പിരിക്കാനുള്ള അനുമതിയും ലഭിക്കും. നിക്ഷേപവും ലാഭവും തിരിച്ചുപിടിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ദിവസങ്ങൾ ക്വോട്ട് ചെയ്യുന്നവർക്കായിരിക്കും ടെൻഡറിൽ മുൻഗണന ലഭിക്കുക.
യശ്വന്ത്പുരിലെ മാതിക്കരെ ക്രോസിൽനിന്ന് ആരംഭിച്ച് ഐഐഎസ്സി, മേക്രി സർക്കിൾ, ജയമഹൽ, സെന്റ് ജോൺസ് ചർച്ച് റോഡ്, അൾസൂർ തടാകം, ഓൾഡ് മദ്രാസ് റോഡ് വഴി കെആർ പുരത്ത് അവസാനിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 19.61 മീറ്റർ വീതിയുള്ള നാലുവരി പാതയിലൂടെ മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും.
എംഇഐ ജങ്ഷനിലെ സ്പ്ലിറ്റ് ഫ്ളൈഓവറും വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനുമായി 10 വീതം അപ്പ്/ഡൗൺ റാമ്പുകളും ഇതിലുൾപ്പെടുന്നു. കൂടാതെ ആർടി നഗർ, ഇന്ദിരാനഗർ, വർത്തുർ റോഡ് തുടങ്ങിയ പ്രധാന ജങ്ഷനുകളിലെ തിരക്കൊഴിവാക്കാനും ഇതുവഴി സാധിക്കും.
പദ്ധതിയുടെ ആകെ ചെലവിൽ 2,710 കോടി രൂപയും സിവിൽ നിർമാണ ജോലികൾക്കാണ് വകയിരുത്തിയിട്ടുള്ളത്. നിലവിൽ യശ്വന്ത്പുരിനും ഇന്ദിരാനഗറിനും ഇടയിൽ മെട്രോ സർവീസ് ഉണ്ടെങ്കിലും മജസ്റ്റിക് വഴി നഗരമധ്യത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് യാത്രാസമയം വർധിപ്പിക്കുന്നുണ്ട്. പുതിയ എലിവേറ്റഡ് കോറിഡോർ യാഥാർഥ്യമാകുന്നതോടെ നഗരമധ്യത്തിലേക്ക് പ്രവേശിക്കാതെ തന്നെ കിഴക്ക്–പടിഞ്ഞാറ് മേഖലകൾക്കിടയിൽ യാത്രാസമയം ഗണ്യമായി കുറച്ച് വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും.
Content Highlights: A new flyover project in Bengaluru is being developed with a long-term toll collection arrangement lasting 32.5 years. The project is aimed at improving connectivity and easing traffic congestion, while the extended toll period is intended to support the project's financing and operating costs over several decades.