ഇന്നത്തെക്കാലത്ത് എല്ലാവരും കറൻസിയുടെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ്. ഡിജിറ്റലായി പണമിടപാടുകൾ എളുപ്പം നടത്താം എന്നതാണ് കറൻസിയുടെ ഉപയോഗത്തിൽ കുറവ് വരാനുള്ള കാരണം. ഇന്ത്യ വികസിപ്പിച്ച യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ്(യുപിഐ)ലൂടെ ഒറ്റ ക്ലിക്കിൽ നമുക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഇന്ന് നമ്മുടെ രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകൾക്ക് അടിത്തറയുണ്ടാക്കിയതും യുപിഐ സംവിധാനമാണ്.
ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്. ഇന്ത്യ വികസിപ്പിച്ച യുപിഐ സംവിധാനം ഇപ്പോൾ 11 രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സാന്നിധ്യം വ്യാപിപ്പിച്ചതായും ജൂലൈയിൽ മാത്രം 29.87 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ നടന്നതായുമായാണ് റിപ്പോർട്ട്. പ്രസ് ഇൻഫോർമേഷൻ ബ്യുറോ പുറത്തുവിട്ട "UPI Transforming India’s Payment Landscape” എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.
ഭൂട്ടാൻ, നേപ്പാൾ, സിങ്കപ്പൂർ, യുഎഇ, ഫ്രാൻസ്, ശ്രീലങ്ക, മൗറീഷ്യസ്, ഖത്തർ, കംബോഡിയ, ഗ്രീസ്, മാൽദീവ്സ് എന്നീ രാജ്യങ്ങളിലാണ് നിലവിൽ യുപിഐ ഉള്ളത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഐ സംവിധാനത്തിലൂടെ 2024ൽ മാത്രം മൊത്തം ഇടപാടുകളുടെ 49%വും നടന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 10 വർഷത്തിനിടയിൽ യുപിഐ 12,000 മടങ്ങ് വളർച്ച നേടിയതായും രാജ്യത്തിന്റെ പണമിടപാട് സംവിധാനത്തിന്റെ നട്ടെല്ലായി മാറിയതായും റിപ്പോർട്ട് പറയുന്നുണ്ട്.
യുപിഐയിൽ നിരവധി അപ്ഗ്രേഡുകളും മറ്റും ഈ കാലയളവിൽ ഉണ്ടായിരുന്നു. യുപിഐ ഓട്ടോപേ, യുപിഐ 123PAY, യുപിഐ ലൈറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ലിങ്കിങ് തുടങ്ങി നിരവധി അപ്ഗ്രേഡുകളാണ് വന്നത്. 2024-ൽ, ഡെലിഗേറ്റഡ് പേയ്മെന്റുകൾക്കായി UPI സർക്കിൾ അവതരിപ്പിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ UPI വഴിയുള്ള നികുതി അടയ്ക്കൽ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. UPI 123PAY ഇടപാട് പരിധി 10,000 രൂപയായും UPI ലൈറ്റ് വാലറ്റ് പരിധി 5,000 രൂപയായും, ഓരോ ഇടപാടിനും പരിധി 1,000 രൂപയായും ഉയർത്തിയിരുന്നു.
Content Highlights: India’s Unified Payments Interface (UPI) has expanded its international presence to 11 countries. According to the PIB report “UPI Transforming India’s Payment Landscape,” UPI recorded digital transactions worth Rs 29.87 lakh crore in July, highlighting the rapid growth and global reach of India’s digital payment ecosystem.