നിർമാണ മേഖലയുടെ കരുത്തിൽ ഇന്ത്യൻ വ്യവസായ രംഗത്തിന് ശക്തമായ മുന്നേറ്റം. ജൂൺ മാസത്തിൽ രാജ്യത്തിന്റെ വ്യവസായ ഉൽപ്പാദന സൂചിക (IIP) 7.3 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ മാസത്തെ 5.1 ശതമാനത്തിൽ നിന്ന് വളർച്ചാ വേഗം ഉയർന്നത് സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തമാകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന മുന്നേറ്റമാണിത്.
ജൂണിൽ മാനുഫാക്ചറിംഗ് മേഖല 7.8 ശതമാനം വളർച്ച നേടി. രാജ്യത്തിന്റെ വ്യവസായ ഉൽപ്പാദനത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഈ മേഖലയിലെ മുന്നേറ്റം മൊത്തം IIP കണക്കുകളെ ഉയർത്തി.
വൈദ്യുതി മേഖലയും മികച്ച പ്രകടനം കാഴ്ചവച്ചു. വൈദ്യുതി ഉൽപ്പാദനം 10.6 ശതമാനം ഉയർന്നപ്പോൾ, ഖനന മേഖല 1 ശതമാനം വളർച്ച രേഖപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനം, ഊർജ ഉപഭോഗം, വ്യവസായ പ്രവർത്തനങ്ങൾ എന്നിവ ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ വളർച്ചയെ കാണുന്നത്.
ക്യാപിറ്റൽ ഗുഡ്സ് വിഭാഗത്തിൽ 14.2 ശതമാനം വളർച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. ഇത് കമ്പനികളുടെ നിക്ഷേപ പ്രവർത്തനങ്ങളിലും ഉൽപ്പാദന ശേഷി വർധിപ്പിക്കാനുള്ള നീക്കങ്ങളിലും മുന്നേറ്റം ഉണ്ടാകുന്നതായി സൂചിപ്പിക്കുന്നു.
2026 ഏപ്രിൽ–ജൂൺ പാദത്തിൽ ഇന്ത്യയുടെ വ്യവസായ ഉൽപ്പാദനം 5.8 ശതമാനം വളർച്ച നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 3.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ വ്യവസായ മേഖല കൂടുതൽ ശക്തമായ പാതയിലേക്ക് നീങ്ങുന്നതാണ് കാണുന്നത്.
ആഗോള വെല്ലുവിളികൾക്കിടയിലും ആഭ്യന്തര ഡിമാൻഡും നിർമാണ മേഖലയിലെ ഉണർവും ഇന്ത്യയുടെ വ്യവസായ വളർച്ചയ്ക്ക് പുതിയ കരുത്ത് നൽകുകയാണ്. വളർച്ചയിലെ ഈ വേഗം തുടർന്നും നിലനിന്നാൽ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നേട്ടമാകും നൽകുക.
Content Highlights: Industrial output rises 7.3% in June on strong manufacturing performance