വിഴിഞ്ഞം തുറമുഖത്തിലെ കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതി

ഇതുവരെ വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കയറ്റുമതി-ഇറക്കുമതി (എക്‌സിം) ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള അന്തിമ കസ്റ്റംസ് അനുമതി ലഭിച്ചു. തുറമുഖത്തിന്റെ ഓപ്പറേറ്ററായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. 2026 ഓഗസ്റ്റ് 18 മുതല്‍ തുറമുഖത്തില്‍ ഔദ്യോഗികമായി കയറ്റുമതി ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഉത്തരവില്‍ വ്യക്തമാക്കി.

ഇതുവരെ വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇനി മുതല്‍ കയറ്റുമതി-ഇറക്കുമതി ചരക്കുകളും കൈകാര്യം ചെയ്യാം. എക്‌സിം ചരക്ക് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിഐഎസ്എല്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ്, പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ഇമിഗ്രേഷന്‍ വകുപ്പ്, കോസ്റ്റല്‍ പൊലീസ്, അംഗീകൃത ബാങ്കുകള്‍, തുറമുഖ സുരക്ഷാ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയായിരിക്കും.

നിലവിലെ നിയന്ത്രണങ്ങള്‍

തുറമുഖത്തില്‍ ഇപ്പോള്‍ കണ്ടയിനര്‍ സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ സിബിഐസി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരിട്ട് പോര്‍ട്ട് ഡെലിവറി ലഭ്യമായ ഫുള്‍ കണ്ടെയ്‌നര്‍ ലോഡ് കണ്ടെയ്നറുകള്‍ക്ക് മാത്രമാണ് അനുമതി. ചരക്ക് തുറമുഖത്ത് എത്തിയ ശേഷം 48 മണിക്കൂറിനകം വാങ്ങിയ കമ്പനിയുടെ സ്ഥലത്തേക്ക് നേരിട്ട് മാറ്റണം. ലൂസ് കാര്‍ഗോ, തുറന്ന് പരിശോധിക്കേണ്ട കണ്ടെയ്നറുകള്‍ എന്നിവ സിഎഫ്എസ് പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ അനുവദിക്കില്ല. ഫാക്ടറിയില്‍ പായ്ക്ക് ചെയ്ത് സ്വയം സീല്‍ ചെയ്തതോ കസ്റ്റംസ് സീല്‍ ചെയ്തതോ ആയ എഫ്‌സിഎല്‍ കണ്ടെയ്നറുകള്‍ക്ക് മാത്രമേ നേരിട്ട് പോര്‍ട്ടിലേക്ക് പ്രവേശനം അനുവദിക്കൂ. തുറമുഖത്ത് ചരക്ക് നിറയ്ക്കുകയോ പരിശോധന നടത്തുകയോ ചെയ്യുന്ന ചരക്കുകള്‍ അനുവദിക്കില്ല.

കേരള സര്‍ക്കാരും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണും ചേര്‍ന്നുള്ള പബ്ലിക്‌പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയിലാണ് വിഴിഞ്ഞം തുറമുഖം വികസിപ്പിച്ചിരിക്കുന്നത്. വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ 20 ലക്ഷം TEU കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത തുറമുഖം ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്നര്‍ തുറമുഖങ്ങളിലൊന്നായി മാറിയിട്ടുണ്ട്. എക്‌സിം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് കേരള സര്‍ക്കാരിന്റെ 'മിഷന്‍ സമുദ്ര' പദ്ധതിക്ക് വലിയ മുന്നേറ്റമാകുമെന്നും, കേരളത്തെ പ്രമുഖ സമുദ്ര-ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Vizhinjam International Seaport will officially begin export-import (EXIM) cargo operations from August 18 after receiving final Customs approval, marking a major milestone in Kerala's ambition to become a leading maritime and logistics hub

To advertise here,contact us