മൊത്തമായാലും ചില്ലറയായാലും രക്ഷയില്ല; ഇന്ധനം, വൈദ്യുതി, ഭക്ഷണം എല്ലാറ്റിനും വിലക്കയറ്റം; കണക്ക് പുറത്ത്

പശ്ചിമേഷ്യൻ യുദ്ധമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്

രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം വർധിച്ചു. ഏപ്രിലിൽ 8.3 ശതമാനമായിരുന്ന സ്ഥലത്തുനിന്ന് മെയിൽ 9.68 ശതമാനമായാണ് വർധിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, വൈദ്യുതി തുടങ്ങിയവയ്ക്ക് വില കൂടിയതാണ് മൊത്തവില സൂചിക പ്രകാരമുള്ള വിലക്കയറ്റം വർധിക്കാൻ ഇടയാക്കിയത്. ഇന്ധനത്തിന് മാത്രം ആറ് ശതമാനത്തോളം വിലക്കയറ്റമാണ് മെയ് മാസം ഉണ്ടായത്. ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയവയുടെ വിലക്കയറ്റം 61.51 ശതമാനത്തിലെത്തി. മിനറൽ ഓയിലിന്റേത് 49.82 ശതമാനത്തിലെത്തി.

മെയ് മാസത്തിലെ മൊത്തവിലക്കയറ്റത്തിന് പ്രധാന കാരണമായത് മിനറൽ ഓയിലുകൾ, അസംസ്കൃത പെട്രോളിയം, പ്രകൃതിവാതകം, രാസവസ്തുക്കൾ, അടിസ്ഥാന ലോഹങ്ങൾ എന്നിവയുടെ നിരക്ക് വർധിച്ചതാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഊർജ്ജ ചെലവുകളിൽ ഉണ്ടായ വർധനവ് വിവിധ മേഖലകളിലെ ഉത്പാദന ചെലവ് ഉയർത്തി. ഭക്ഷണസാമഗ്രികൾക്കും വൻ വിലക്കയറ്റമാണ് ഉണ്ടായത്. ഏപ്രിലിൽ 3.11 ആയിരുന്നിടത്തുനിന്ന് മെയിൽ 4.49 ആയാണ് ഭക്ഷ്യ വിലക്കയറ്റം ഉയർന്നത്. ഉത്പാദന മേഖലയിലും വിലക്കയറ്റം 7.48 ആയി ഉയർന്നു.

അതേസമയം, ഉപഭോക്ത്ര വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകളും അമിത വിലക്കയറ്റത്തിന്റെ സൂചനകളാണ് നൽകുന്നത്. മെയ് മാസത്തെ കണക്കുകൾ പ്രകാരം ല്ലറ വ്യാപാരമേഖലയിലെ വിലക്കയറ്റം 3.9 ശതമാനമായാണ് ഉയർന്നത്. 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിലക്കയറ്റം വന്നുനിൽക്കുന്നത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇംപ്ളിമെൻ്റേഷൻ പുറത്തുവിട്ട കണക്കുകളിലാണ് വിലക്കയറ്റം കൂടിയതായി പറയുന്നത്. ഏപ്രിലിൽ 3.5 ശതമാനമായിരുന്നു നിരക്ക്. മെയ് മാസത്തിൽ ഇത് 3.9 ശതമാനമായി. വിലക്കയറ്റം വർധിച്ചെങ്കിലും റിസർവ് ബാങ്കിന്റെ പരിധികൾക്കുള്ളിൽ തന്നെയാണ് നിൽക്കുന്നത്.

പശ്ചിമേഷ്യൻ യുദ്ധമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. ഉപഭോക്ത്ര വില സൂചിക പ്രകാരമുള്ള വിലക്കയറ്റം മെയ് മാസത്തിൽ 4.8 ശതമാനമായി ഉയർന്നു. ഏപ്രിലിൽ ഇത് 4.2 ശതമാനമായിരുന്നു. നിരവധി ഭക്ഷ്യവസ്തുക്കൾക്കാണ് വേഗത്തിലുള്ള വിലക്കയറ്റം ഉണ്ടാകുന്നത്. അരിക്ക് 0.23% വിലകൂടി. പച്ചക്കറികളിൽ തക്കാളിക്കാണ് പൊടുന്നനെ വില കൂടിയത്. 48.4 ശതമാനമാണ് മെയ് മാസത്തിൽ മാത്രം കൂടിയത്. ഉരുളക്കിഴങ്ങ് വിലയിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.

വീട്, വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയവയ്‌ക്കെല്ലാം വില കൂടി. ഇന്ധനവിലയിൽ പൊടുന്നനെയുള്ള കയറ്റമാണ് പ്രകടമായത്. മെയ് മാസത്തിൽ 6% വർധനവാണ് ഇന്ധനവിലയിൽ ഉണ്ടായത്. ഏപ്രിൽ മാസത്തിൽ ഇത് 2.8 ശതമാനവും മാർച്ചിൽ ഇത് 0.5 ശതമാനവുമായിരുന്നു.

Content Highlights: India's wholesale inflation, measured through the Wholesale Price Index (WPI), rose to 9.68% in May compared to 8.3% recorded in April. The figures released by the Ministry of Commerce and Industry indicate a continued rise in wholesale prices across key sectors

To advertise here,contact us