രാജ്യത്തെ വൈദ്യുതി ഉല്പാദന ആവശ്യങ്ങള്‍ നിറവേറ്റാന്‍ 80 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം ഇന്ത്യക്കുണ്ടെന്ന് കേന്ദ്ര കല്‍ക്കരി, ഖനന മന്ത്രി ജി കിഷന് റെഡ്ഡി തിങ്കളാഴ്ച അറിയിച്ചു. അര്‍ജന്റീനയില്‍ ഇന്ത്യ സ്വന്തമാക്കിയ നിര്‍ണായക ധാതു (Critical Minerals) ഖനന ബ്ലോക്കുകളില്‍ പരിശോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉല്പാദനം എത്രയും വേഗം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് കല്‍ക്കരി ക്ഷാമം പതിവായിരുന്നു. എന്നാലിപ്പോള്‍ രാജ്യത്ത് വൈദ്യുതി ഉല്പാദനത്തിന് 80 ദിവസത്തേക്ക് മതിയാകുന്ന കല്‍ക്കരി ശേഖരം നിലനിര്‍ത്തിയിട്ടുണ്ട്. മണ്‍സൂണ്‍ കാലം ആരംഭിച്ചതിനാല്‍ ശക്തമായ മഴ മൂലം കല്‍ക്കരി ഉല്പാദനത്തില് ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം, എന്ന് മന്ത്രി പറഞ്ഞു. നിര്‍ണായക ധാതുക്കളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ മന്ത്രി, രാജ്യത്ത് ഇത്തരം ധാതു നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനും അവയുടെ പരിശോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയാണെന്നും അറിയിച്ചു. പരിശോധന പൂര്‍ത്തിയായ പ്രദേശങ്ങളില്‍ ഖനനാവകാശ ലേലങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്കരിച്ചതും ഭാഗികമായി സംസ്കരിച്ചതുമായ നിര്‍ണായക ധാതുക്കള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ സ്വകാര്യ കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യ വര്‍ഷംതോറും 1,040 ദശലക്ഷം ടണ്‍ (104 കോടി ടണ്‍) കല്‍ക്കരിയാണ് ഉല്പാദിപ്പിക്കുന്നത്.
Content Highlights: India has enough coal reserves to support power generation for 80 days, while also advancing critical mineral exploration and achieving record annual coal production of 1,040 million tonnes, Union Minister G Kishan Reddy said.