നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വർധിച്ചിരിക്കുകയാണ്. 12 ദിവസത്തിനിടെ മൂന്ന് തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. പശ്ചിമേഷ്യൻ യുദ്ധം മൂലം ആഗോളതലത്തിൽത്തന്നെ പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് ഈ വർധനവ് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ വില കുറവാണ് എന്നും കേന്ദ്രം പറയുന്നു.
ഇത്തരത്തിൽ മൂന്ന് തവണ വില വർധിപ്പിച്ചതിന് പിന്നാലെ വീണ്ടും വില വർധിപ്പിച്ചേക്കുമെന്ന പ്രചാരണവും ശക്തമാണ്. പെട്രോളിയം കമ്പനികൾ ഇപ്പോഴത്തെ നഷ്ടം സഹിക്കുകയാണ് എന്നതാണ് കാരണം. വിലവർധനവ് അത്യാവശ്യമാണ് എന്ന് അഭിപ്രായപ്പെട്ട് ബിപിസിഎൽ ഡയറക്ടർ രാജ് കുമാർ ദുബെയ്യും രംഗത്തുവന്നിട്ടുണ്ട്.
മൂന്ന് സാധ്യതകൾ മാത്രമാണ് മുൻപിലുള്ളത് എന്നാണ് രാജ് കുമാർ ദുബെയ് പറയുന്നത്. ഒന്ന്, പെട്രോൾ വില വീണ്ടും വർധിപ്പിക്കുക. രണ്ട്, കമ്പനികൾ വീണ്ടും വീണ്ടും നഷ്ടം സഹിച്ചുകൊണ്ടേയിരിക്കുക. മൂന്ന്, സർക്കാർ സഹായം ലഭ്യമാക്കുക എന്നതാണത്. ക്രൂഡ് ഓയിൽ വിലവർധനവ് താത്കാലികമാണ് എന്നും എന്നാൽ വിതരണത്തിലെ തടസം ഇനിയും നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വീണ്ടും ഒരു വിലവർധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കിടെ മൂന്നാം തവണയാണ് കഴിഞ്ഞദിവസം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. മെയ് 15 മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ ഘട്ടംഘട്ടമായി വില വര്‍ധിപ്പിച്ചുവരികയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷമാണ് ആഗോള എണ്ണവില ഉയരാന്‍ പ്രധാന കാരണമായത്. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും ഇന്ധന വിലയില്‍ ഉണ്ടായിരിക്കുന്നത്. നഷ്ടം നികത്താന്‍ അടുത്ത മൂന്ന് മാസത്തേക്കെങ്കിലും എണ്ണക്കമ്പനികള്‍ വില കൂട്ടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ യുഎസില്‍ 44.5 ശതമാനം, യുഎഇയില്‍ 52.4 ശതമാനം, പാക്കിസ്ഥാനില്‍ 54.9 ശതമാനം, യുകെയില്‍ 19.2 ശതമാനം, ബംഗ്ലാദേശില്‍ 16.7 ശതമാനം, ജപ്പാനില്‍ 9.7 ശതമാനം എന്നിങ്ങനെയാണ് വില ഉയര്‍ന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഉപഭോക്തൃ സംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ എണ്ണക്കമ്പനികള്‍ക്കുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ വിലവര്‍ധന അനിവാര്യമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ അധിക നികുതി ജനങ്ങള്‍ക്ക് ഭാരമാണെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നുണ്ട്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് വന്‍ നഷ്ടം നേരിടുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ നഷ്ടം നികത്താന്‍ പെട്രോള്‍-ഡീസല്‍ വില ലിറ്ററിന് 28 മുതല്‍ 33 രൂപ വരെ ഉയര്‍ത്തേണ്ട സാഹചര്യമുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
Content Highlights: BPCL Director Raj Kumar Dubey stated that petroleum companies are currently bearing heavy financial losses, making a fuel price hike unavoidable.