പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു പിന്നാലെ ലോകശ്രദ്ധനേടിയ വ്യാപാര പാതയാണ് ഹോര്‍മുസ് മുനമ്പ്, ലോകത്തെ എണ്ണ വ്യാപാരത്തില്‍ 20 ശതമാനവും നടക്കുന്നത് ഈ കടലിടുക്കിലൂടെയാണ്. ഇസ്രായേലും യുഎസും ഇറാനെതിരെ തിരിഞ്ഞതോടെയാണ് ഈ പാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടത്. ലോകവ്യാപകമായി എണ്ണവില ഉയരുന്നതിലേക്കാണ് ഇത് നയിച്ചത്. ഇതിന്റെ ഫലമായി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലാണ് പണപ്പെരുപ്പം ഉയരുന്നത്. ഇതിനിടെ, പ്രശസ്ത സാമ്പത്തിക ഉപദേശക സ്ഥാപനമായ എകോഗ്നോസിസ് അഡൈ്വസറിയുടെ സിഇഒയും സാമ്പത്തികശാസ്ത്രജ്ഞനുമായ ആന്‍ഡ്രൂ ഫ്രെറിസ് ഹോര്‍മുസ് മുനമ്പ് ഒരു വര്‍ഷത്തിനുള്ളില്‍ അപ്രധാനമാകുമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ലോകരാജ്യങ്ങള്‍ എണ്ണയ്ക്കായി ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ മറ്റിടങ്ങള്‍ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ എത്തിക്കാനായി ബദല്‍ പാതകള്‍ വൈകാതെ സജീവമാകും. ഇതോടെ അടുത്ത ഒമ്പത് മാസം മുതല്‍ ഒരുവര്‍ഷത്തിനുള്ളില്‍ ഹോര്‍മുസ് അപ്രസക്തമാകും. പല നിക്ഷേപകരും പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തിലാകും എണ്ണക്കമ്പനികള്‍ ഈ മാറ്റത്തിലേക്ക് കുതിക്കുകയെന്നും ആന്‍ഡ്രൂ ഫ്രെറിസ് നിരീക്ഷിക്കുന്നു. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 110 ഡോളറും പിന്നിട്ടതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
മേഖലയില്‍ നിന്ന് പിന്മാറാന് തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ, സംഘര്‍ഷം ഉടനെയൊന്നും അവസാനിക്കാനിടയില്ലെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് എണ്ണവില വീണ്ടും ഉയരുന്നതിന് കാരണമായേക്കും. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ വില നാല് രൂപയോളം ഉയര്‍ത്തിയത് സാധാരണക്കാരനും ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. അവശ്യ വസ്തുക്കള്‍ക്ക് ഉള്‍പ്പെടെ വില ഉയരുന്നതിലേക്കാണ് ഇത് നയിക്കുന്നത്. പണപ്പെരുപ്പം ആറുമാസത്തെ ഉയര്‍ന്ന നിരക്കിലാണ്. ഡോളറിനെതിരെ രൂപ റെക്കോഡ് താഴ്ചയിലായതും വിപണിയില്‍ പ്രതിസന്ധിയാകുന്നു.
Content Highlights: The Strait of Hormuz has long been the world's most closely watched energy chokepoint, especially amid the ongoing US-Iran crisis. Roughly a fifth of global crude supplies pass through the narrow waterway, which links the Persian Gulf to international markets. But Andrew Freris, the CEO at Ecognosis Advisory, believes its strategic importance may be nearing an end.