കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 51000 കടക്കും; ആ നല്ല കാലം 2027 ഏപ്രില്‍ മുതല്‍?

യൂണിയനുകളുടെ ആവശ്യമാണ് അംഗീകരിക്കുന്നതെങ്കില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 66,240 രൂപയായും മിനിമം പെൻഷൻ 33,120 രൂപയായും വർധിക്കും

3 min read|19 May 2026, 04:44 pm

ന്യൂഡൽഹി: കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ച് ആറ് മാസത്തിലേറെ പിന്നിടുമ്പോഴും ശമ്പള വർധനവ് സംബന്ധിച്ച പ്രഖ്യാപനം എന്ന് വരും എന്നത് സംബന്ധിച്ച ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. കമ്മീഷന്റെ ആലോചനാ യോഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, പുതിയ ശമ്പള പരിഷ്കരണം 2027 ഏപ്രിൽ മാസത്തോടെ നടപ്പിലാകാനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.

2025 ഒക്ടോബറിൽ രൂപീകരിച്ച കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ 2027 ഏപ്രിൽ മാസത്തോടെ ജീവനക്കാർക്ക് വർധിപ്പിച്ച ശമ്പളം ലഭിച്ചുതുടങ്ങിയേക്കും. ഇന്ധനം, എൽപിജി, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റം നേരിടുന്ന ജീവനക്കാർക്കും വിരമിച്ചവർക്കും വലിയൊരു സാമ്പത്തിക ആശ്വാസമായിരിക്കും ഈ പരിഷ്കരണം നൽകുക.

ശമ്പളം എത്രയായി വർധിക്കാം?

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ എത്ര രൂപയുടെ വർധനവുണ്ടാകും എന്നത് പ്രധാനമായും നിശ്ചയിക്കുന്നത് 'ഫിറ്റ്‌മെന്റ് ഫാക്ടർ' (Fitment Factor) അടിസ്ഥാനമാക്കിയാണ്. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നുവെങ്കിൽ, നിലവിലെ പണപ്പെരുപ്പം കണക്കിലെടുത്ത് എട്ടാം കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 മുതൽ 3.68 വരെയായി ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.

കേന്ദ്ര സർക്കാർ ഒരു മിനിമം നിരക്കായ 2.86 ആണ് അംഗീകരിക്കുന്നതെങ്കിൽ, നിലവിലുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം (Basic Pay) 18,000 രൂപയിൽ നിന്നും 51,480 രൂപയായി വർധിക്കും. ഇതിലൂടെ വിരമിച്ചവരുടെ മിനിമം പെൻഷൻ 9,000 രൂപയിൽ നിന്ന് 25,740 രൂപയായും ഉയരും.

അതേസമയം, യൂണിയനുകളുടെ ശക്തമായ ആവശ്യപ്രകാരം ഉയർന്ന നിരക്കായ 3.68 ആണ് കേന്ദ്ര സർക്കാർ അനുവദിക്കുന്നതെങ്കിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 66,240 രൂപയായും മിനിമം പെൻഷൻ 33,120 രൂപയായും വർധിക്കും. ഇതനുസരിച്ച് നിലവിൽ 30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു മിഡ്-ലെവൽ ജീവനക്കാരന് ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 ആണെങ്കിൽ 85,800 രൂപയും, 3.68 ആണെങ്കിൽ 1,10,400 രൂപയും പുതിയ അടിസ്ഥാന ശമ്പളമായി ലഭിക്കാൻ സാധ്യതയുണ്ട്.

ഇത്തരത്തിൽ അടിസ്ഥാന ശമ്പളം ഉയരുന്നതിന് പുറമെ, പുതുക്കിയ നിരക്കിലുള്ള വീട്ടുവാടക അലവൻസ് (HRA), യാത്രാ അലവൻസ് (TA), ക്ഷാമബത്ത (DA) എന്നിവകൂടി ചേരുമ്പോൾ ജീവനക്കാർക്ക് കൈപ്പറ്റാൻ കഴിയുന്ന ആകെ ശമ്പളം (Gross Salary) ഇതിലും വളരെ ഉയർന്നതായിരിക്കും. നിലവിലുള്ള ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തോട് ലയിപ്പിച്ച ശേഷമായിരിക്കും കമ്മീഷൻ അന്തിമ ഫോർമുല നിശ്ചയിക്കുക എന്നതിനാൽ, കമ്മീഷന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ ഓരോ ഗ്രേഡിലുമുള്ള ജീവനക്കാരുടെ കൃത്യമായ ശമ്പള വർധനവ് എത്രയെന്ന് വ്യക്തമാകൂ.

വിവിധ മേഖലകളിലെ ജീവനക്കാരുമായും യൂണിയൻ പ്രതിനിധികളുമായും ഉള്ള ചർച്ചകൾ കമ്മീഷൻ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഡൽഹി ചർച്ചകൾക്ക് ശേഷം തെലങ്കാനയിലെ ഹൈദരാബാദിലും യോഗങ്ങൾ പൂർത്തിയായി. അടുത്ത റൗണ്ട് ചർച്ചകൾ ജൂൺ 1 മുതൽ 4 വരെ ശ്രീനഗറിലും, ജൂൺ 8-ന് ലഡാക്കിലും വെച്ച് നടക്കും. കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ കൗൺസിൽ യോഗത്തിലും പെൻഷൻ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കമ്മീഷൻ സമർപ്പിക്കുന്ന ശുപാർശകളിലേക്കാണ് ഇപ്പോൾ ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർ ഉറ്റുനോക്കുന്നത്.

Content Highlights: A report suggests that the 8th Pay Commission could raise the minimum basic salary of central government employees to ₹51,000. The revised pay structure is expected to be implemented from April 2027. The proposal, if approved, would significantly increase salaries and allowances for lakhs of employees and pensioners.

To advertise here,contact us