ആഗോള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയിലും ഊര്‍ജ പ്രതിസന്ധി പ്രകടമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനു പുറമെ റഷ്യ-യുക്രെയ്ന് യുദ്ധം, പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദം എന്നിവയും എണ്ണ ഇറക്കുമതിക്ക് തടസ്സമാകുന്നുണ്ട്. ഇതോടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിടുകയാണ് ഇന്ത്യ. നിലവിലെ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യമായ അംഗോള ഇന്ത്യയുടെ നിര്‍ണായക പങ്കാളിയായി മാറിയിട്ടുണ്ട്.
യുഎസ് ഉപരോധം കണക്കിലെടുത്ത് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അംഗോളയില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നത്. അടുത്തിടെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അംഗോളയില്‍നിന്ന് 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങി. ഹംഗോ, ക്ലോവ് എന്നീ വിഭാഗങ്ങളില്‍പ്പെട്ട 10 ലക്ഷം ബാരല്‍ വീതമാണ് വാങ്ങിയത്. എക്സോണ്‍ മൊബീല്‍ വഴിയാണ് ഈ ഇടപാട് നടന്നത്. ഏഷ്യന്‍ റിഫൈനറികള്‍ക്ക് ഏറ്റവും അനുയോജ്യമായതാണ് ഈ ക്രൂഡ് ഓയില്‍ വിഭാഗങ്ങള്‍. ഇവ ശുദ്ധീകരിക്കുമ്പോള്‍ പെട്രോളും ഡീസലും കൂടുതല്‍ അളവില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത.
നൈജീരിയ കഴിഞ്ഞാല്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉല്പാദക രാജ്യമാണ് അംഗോള. പ്രതിദിനം 11 ലക്ഷം ബാരല്‍ എണ്ണയാണ് അവിടെ ഉല്പാദിപ്പിക്കുന്നത്. കൂടാതെ 778 കോടി ബാരലിന്റെ എണ്ണശേഖരവും ആ രാജ്യത്തുണ്ട്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയത് അംഗോളയില്നിന്നാണ്. അംഗോളയില്നിന്നുള്ള ഇറക്കുമതി 1.03 ലക്ഷം ബാരലില്‍നിന്ന് 3.27 ലക്ഷം ബാരലായി ഉയര്‍ന്നു. ആദ്യമായാണ് ഇന്ത്യ ആ രാജ്യത്തുനിന്ന് ഇത്രയധികം എണ്ണ ഇറക്കുമതി ചെയ്യുന്നത്. അതേസമയം ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിയില്‍ കുറവുണ്ടായിട്ടുണ്ട്.
ഊര്‍ജ്ജ സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളില്‍നിന്നും എണ്ണ വാങ്ങുന്നുണ്ട്. ഷെല്ലില്‍നിന്ന് അബുദാബിയുടെ മുര്‍ബന്‍ ക്രൂഡും, ബ്രസീലിലെ പെട്രോബ്രാസില്‍നിന്ന് ബുസിയോസ് ക്രൂഡും ഇന്ത്യ വാങ്ങുന്നുണ്ട്. ഖത്തറില്‍നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി കുറഞ്ഞപ്പോള്‍ യുഎസ്, ഒമാന്‍, നൈജീരിയ, അംഗോള എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഗ്യാസ് ഇറക്കുമതിയില്‍ വര്‍ധനയുണ്ടായി. ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങളും യുദ്ധ സാഹചര്യവും കാരണം ഇറക്കുമതി വഴികള്‍ അടഞ്ഞേക്കാമെന്ന ആശങ്ക നിലനില്‍ക്കെ, അംഗോള ഉള്‍പ്പെടെയുള്ള പുതിയ സ്രോതസ്സുകളെ ആശ്രയിച്ച് ഇന്ത്യ ഇന്ധന സുരക്ഷ ഉറപ്പാക്കുകയാണ്.
Content Highlights: Amid global uncertainties due to Iran War, THIS lesser-known nation emerges as India’s lifeline for oil and gas