ഗതാഗത കുരുക്കും മലിനീകരണവും; ഇനി പുതിയ ഓട്ടോറിക്ഷ പെര്‍മിറ്റില്ല, സാധാരണക്കാര്‍ ആശങ്കയില്‍

വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കും വായുമലിനീകരണവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, 2026 മാർച്ച് 9 മുതൽ പുതിയ ഓട്ടോറിക്ഷാ പെർമിറ്റുകൾ നൽകുന്നത് മഹാരാഷ്ട്ര സർക്കാർ താൽക്കാലികമായി നിർത്തി

1 min read|11 Mar 2026, 01:07 pm

മഹാരാഷ്ട്രയിലെ നഗരവീഥികളിൽ ഇനി പുതിയ ഓട്ടോറിക്ഷകൾ ഉടൻ എത്തില്ല. വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കും വായുമലിനീകരണവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, 2026 മാർച്ച് 9 മുതൽ പുതിയ ഓട്ടോറിക്ഷാ പെർമിറ്റുകൾ നൽകുന്നത് സംസ്ഥാന സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഗതാഗത മന്ത്രി പ്രതാപ് സർനായിക് പ്രഖ്യാപിച്ച ഈ തീരുമാനം ഒരു ഭരണപരമായ മാറ്റമല്ല; മറിച്ച് ആയിരക്കണക്കിന് സാധാരണക്കാരായ യാത്രക്കാരുടെ ദൈനംദിന യാത്രയെയും, ഓട്ടോറിക്ഷയെ ജീവിതമാർഗ്ഗമായി കാണുന്ന ഡ്രൈവർമാരുടെ ഉപജീവനത്തെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്.

പുതിയ തൊഴിലവസരങ്ങൾ ഇല്ലാതാകുന്നു

സ്വന്തമായി ഓട്ടോ വാങ്ങി ജീവിതമാർഗ്ഗം കണ്ടെത്താൻ ആഗ്രഹിച്ചിരുന്ന യുവാക്കൾക്കും മറ്റും ഇനി പുതിയ പെർമിറ്റ് ലഭിക്കില്ല. ഇത് തൊഴിലില്ലായ്മ വർദ്ധിപ്പിക്കാൻ കാരണമായേക്കാം.ഇന്ത്യയിൽ തൊഴിലില്ലായ്മ കൂടുന്ന ഈ സമയത്ത് ഓട്ടോ ഓടിച്ചെങ്കിലും ജീവിക്കാം എന്ന ആഗ്രഹം പോലും നടക്കില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. പുതിയ പെർമിറ്റ് കിട്ടാനില്ലാത്ത സാഹചര്യം വരുമ്പോൾ, പഴയ പെർമിറ്റുകൾ നിയമവിരുദ്ധമായി വലിയ തുകയ്ക്ക് മറിച്ച് വിൽക്കുന്ന രീതി വർദ്ധിക്കാൻ സാധ്യതയുണ്ട്.

നിലവിലുള്ളവർക്ക് ഗുണം

നിലവിൽ പെർമിറ്റ് ഉള്ള ഡ്രൈവർമാർക്ക് നിരത്തിൽ മത്സരം കുറയുന്നത് വരുമാനം വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. എങ്കിലും ഭാവിയിൽ തങ്ങളുടെ പെർമിറ്റ് പുതുക്കുന്നതിനെക്കുറിച്ച് അവർക്കും ആശങ്കയുണ്ട്.കൂടുതൽ വണ്ടികൾ നിരത്തിലിറങ്ങിയില്ലെങ്കിൽ ഇപ്പോഴുള്ള ഓട്ടോ ഡ്രൈവർമാർക്ക് ഗുണകരമാകും.

സാധാരണക്കാരെയും ബാധിക്കും

യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അല്പം ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നഗരങ്ങളിൽ ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഓട്ടോകളുടെ എണ്ണം കൂടാത്തത് തിരക്കുള്ള സമയങ്ങളിൽ ഓട്ടോ കിട്ടുന്നത് ബുദ്ധിമുട്ടിലാക്കും.അതുപോലെ ഓട്ടോകളുടെ എണ്ണം കുറയുമ്പോൾ ഡ്രൈവർമാർ അമിത കൂലി ചോദിക്കാനുള്ള സാധ്യതയുണ്ട്. മീറ്റർ ഇടാൻ തയ്യാറാകാത്ത സാഹചര്യവും ഉണ്ടായേക്കാം. ഓട്ടോകൾ കിട്ടാതെ വരുമ്പോൾ ആളുകൾ ബസുകളിലേക്കോ മെട്രോയിലേക്കോ മാറും. ഇത് പൊതുഗതാഗത സംവിധാനങ്ങളിൽ വലിയ തിരക്കിന് കാരണമാകും.

ഓട്ടോ ഓഹരികൾക്ക് തളർച്ച

മഹാരാഷ്ട്രയിലെ പുതിയ പെർമിറ്റുകൾ നിർത്തലാക്കിയ വാർത്ത പുറത്തുവന്നതോടെ ബജാജ് ഓട്ടോയുടെ ഓഹരി വിലയിൽ ഇടിവുണ്ടായി. ഇന്ത്യയിലെ ഓട്ടോറിക്ഷാ വിപണിയിൽ പകുതിയിലധികം വിഹിതമുള്ള കമ്പനിയാണ് ബജാജ്. മഹാരാഷ്ട്ര പോലുള്ള ഒരു വലിയ സംസ്ഥാനത്ത് പുതിയ പെർമിറ്റുകൾ നൽകാതിരുന്നാൽ, പുതിയ ഓട്ടോറിക്ഷകളുടെ വിൽപ്പന പെട്ടെന്ന് കുറയും. ഇത് കമ്പനിയുടെ ലാഭത്തെ ബാധിക്കുമെന്ന് നിക്ഷേപകർ ഭയക്കുന്നു.ബജാജ് ഓട്ടോയുടെ ആഭ്യന്തര ത്രീ വീലർ വില്പനയിൽ 15% മഹാരാഷ്ട്രയിൽ നിന്ന് ആണെന്ന് ബ്രോക്കറേജ് സ്ഥാപനമായ യു ബി എസ് പറയുന്നു. ഇത് കൊണ്ടാണ് ഈ തീരുമാനം വന്ന മുതൽ ബജാജ് ഓട്ടോയുടെ ഓഹരി വിലയിൽ കുത്തനെ ഇടിവുണ്ടായത്.

നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുന്നു

ഒരു സംസ്ഥാനം ഇത്തരമൊരു തീരുമാനമെടുത്താൽ മറ്റ് സംസ്ഥാനങ്ങളും (ഉദാഹരണത്തിന് കർണാടകയോ തമിഴ്നാടോ) സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമോ എന്ന ആശങ്ക ഓഹരി വിപണിയിലുണ്ടാകും. ഇത്തരം നിയന്ത്രണങ്ങൾ ഓട്ടോ കമ്പനികളുടെ ഭാവി വളർച്ചയെ തടസ്സപ്പെടുത്തും. നിക്ഷേപകർ നിലവിൽ കൈവശമുള്ള ഓഹരികൾ വിറ്റൊഴിഞ്ഞു മറ്റു മേഖലകളിലേക്ക് ചേക്കേറാനും സാധ്യത കൂടുതലാണ്.

ഇലക്ട്രിക് വാഹന വിപണിയിലെ അനിശ്ചിതത്വം

പഴയ പെർമിറ്റുകൾ റദ്ദാക്കി പുതിയ ഇലക്ട്രിക് ഓട്ടോകൾക്ക് മാത്രം പെർമിറ്റ് നൽകുന്ന രീതിയിലേക്ക് സർക്കാർ മാറുകയാണെങ്കിൽ, നിലവിൽ പെട്രോൾ, സി.എൻ.ജി ഓട്ടോകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് അത് വലിയ തിരിച്ചടിയാകും. പുതിയ നയം വരുന്നത് വരെ വിപണിയിൽ ഒരുതരം 'കാത്തിരിപ്പ്' അവസ്ഥ ഓട്ടോ ഓഹരികളുടെ കാര്യത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.വാർത്ത വന്നതോടെ ട്യൂബ് ഇൻവെസ്റ്റ്മെന്റ് ഓഹരിയും താഴ്ചയിലാണ്. ഓട്ടോ വാങ്ങാൻ വായ്പ കൊടുക്കുന്ന ബാങ്കുകൾക്കും, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്കും ഇതിന്റെ തിരിച്ചടി വരാൻ സാധ്യതയുണ്ട്.

വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത് വായു മലിനീകരണവും ട്രാഫിക് ബ്ലോക്കും കുറയ്ക്കാൻ സഹായിക്കും എന്നാണ്സർക്കാരിന്റെ വാദം . ഇത് ദീർഘകാലാടിസ്ഥാനത്തിൽ യാത്രക്കാർക്ക് ഗുണകരമാണ്.സർക്കാർ ഈ നിയമം താൽക്കാലികമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, പുതിയ നയം വരുന്നത് വരെ സാധാരണക്കാർക്ക് യാത്രാക്ലേശവും പുതിയ ഡ്രൈവർമാർക്ക് ജോലിയില്ലായ്മയും ഉണ്ടാകും . ട്രാഫിക് കുറയ്ക്കുക എന്ന നല്ല ലക്ഷ്യമുണ്ടെങ്കിലും കൃത്യമായ ബദൽ സംവിധാനങ്ങൾ (കൂടുതൽ ബസ്സുകൾ പോലെയുള്ളവ) ഒരുക്കിയില്ലെങ്കിൽ ജനങ്ങൾ വലയുന്ന അവസ്ഥ വരും.

Content Highlights: Maharashtra halts new auto-rickshaw permits to curb rising traffic congestion and air pollution in cities

To advertise here,contact us