ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റി അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാവുന്നു. ഇരുരാജ്യങ്ങളും പരസ്പരം പോര്‍വിളി ഉയര്‍ത്തുമ്പോള്‍ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ട് കുതിക്കുമോയെന്ന് ഉറ്റു നോക്കുകയാണ് ലോക ജനത. രാജ്യാന്തര വിപണിയില്‍ മുന്‍ ദിവസത്തെ ഇടപാടില്‍ 0.4% ഉയര്‍ന്ന സ്വര്‍ണം, ഔണ്‍സിന് ഏകദേശം 5,200 ഡോളറിനടുത്താണ് ഇന്ന് വ്യാപാരം നടക്കുന്നത്. മുന്നോട്ട് നോക്കുമ്പോള്‍ വരും ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യത.
ഇറാന് യുഎസ് ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മധ്യസ്ഥത വഹിച്ച ഒമാന്‍ പറയുന്നുണ്ടെങ്കിലും സമാധാന ചര്‍ച്ച എങ്ങുമെത്തിയില്ല. ഇതേ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതോടെ സംഘര്‍ഷ സാധ്യതയെക്കുറിച്ച് വിപണിയില്‍ ആശങ്ക തുടരുകയാണ്. മേഖലയില്‍ ഇറാനും യുഎസും യുദ്ധസമാനമായ സേനാ വിന്യാസം നടത്തുന്നുണ്ട്. ഇരുവിഭാഗവും ചര്‍ച്ച തുടരാമെന്ന് നിലപാടെടുത്തത് മാത്രമാണ് ആശ്വാസം.
ആണവ പരീക്ഷണങ്ങളും മിസൈല്‍ ഗവേഷണവും അവസാനിപ്പിക്കണമെന്ന ആവശ്യത്തിലാണ് ചര്‍ച്ചകള്‍ വഴിമുട്ടുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെ ആക്രമിക്കാനാണ് യുഎസിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇത് വിപണിയെയും സ്വര്‍ണവിലയെയും ബാധിക്കുന്നു.
ഈ വര്‍ഷം ഇതുവരെ സ്വര്‍ണം ഏകദേശം 20% വരെ ഉയര്‍ന്നിട്ടുണ്ട്. ജനുവരി അവസാനം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഇടിവ് സംഭവിച്ചെങ്കിലും, ഇപ്പോള്‍ വീണ്ടും സ്വര്‍ണം ഔണ്‍സിന് 5,000 ഡോളറിന് മുകളിലേക്ക് വില സ്ഥിരത നേടി.
സ്വര്‍ണം തുടര്‍ച്ചയായ ഏഴാം മാസവും ഉയര്‍ച്ച രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇത് 1973ന് ശേഷമുള്ള ഏറ്റവും ദീര്‍ഘമായ മാസാവസാന ഉയര്‍ച്ചയായിരിക്കും. അര നൂറ്റാണ്ടിന് മുമ്പാണ് ഇതിന് മുമ്പ് സ്വര്‍ണം ഇത്രയും വലിയ കുതിപ്പ് മാസാന്ത്യത്തില്‍ രേഖപ്പെടുത്തിയത്. തുടരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വ്യാപാര സമ്മര്‍ദ്ദങ്ങളും, ഡോളറിന്റെ ഇടിവിനെ കുറിച്ചുള്ള ആശങ്കകളും സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്നു. വിപണി സ്ഥിരത കൈവരിച്ചതോടെ നിക്ഷേപകര്‍ സ്വര്‍ണത്തെ അടിസ്ഥാനമാക്കിയ സ്വര്‍ണ ഇടിഎഫുകളില്‍ തങ്ങളുടെ നിക്ഷേപം വര്‍ധിപ്പിച്ചു. ഈ ആഴ്ചയില്‍ വ്യാഴാഴ്ച വരെ ഉണ്ടായ സ്വര്‍ണ നിക്ഷേപത്തിലെ ഒഴുക്ക് ഈ മാസത്തിന്റെ തുടക്കത്തില്‍ ഉണ്ടായ വിറ്റഴിക്കലിനെക്കാള് കൂടുതലായിരുന്നു. അതോടെ മുന്‍പുണ്ടായ ഇടിവ് പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടു.
അതേസമയം പലിശനിരക്കുകളിലെ അടുത്ത നീക്കത്തെക്കുറിച്ച് ഫെഡറല്‍ റിസര്‍വ് എന്ത് തീരുമാനമെടുക്കുമെന്ന സൂചനകള്‍ക്കായി വ്യാപാരികള്‍ കാത്തിരിക്കുകയാണ്. പണപ്പെരുപ്പം കുറയുന്നുവെങ്കില്‍ ഈ വര്‍ഷം പലിശനിരക്ക് ഒന്നിലധികം തവണ കുറയ്ക്കുമെന്നാണ് പ്രവചനം.
Content Highlights: Tensions between the US and Iran over Tehran’s nuclear program are escalating, pushing gold prices higher