
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദൽ ജിൻസൻ കുറ്റകാരനാണെന്ന് കോടതി വിധി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കാനിരിക്കെ എട്ട് വർഷം നീണ്ട് നിന്ന കേസന്വേഷണത്തിൽ പൊലീസിന് നേരിടേണ്ടി വന്നത് നിരവധി വെല്ലുവിളികളാണ്. കേസിലെ പ്രതി കേദൽ ജിൻസൻ അന്വേഷണ സംഘത്തെ വഴി തെറ്റിക്കാൻ നിരവധി തവണ ശ്രമിച്ചിരുന്നു. താൻ മാനസിക രോഗിയാണെന്നും ആഭിചാര ക്രിയകളിൽ അടിമയാണെന്നുമായിരുന്നു കേദൽ വരുത്തി തീർക്കാൻ ശ്രമിച്ചത്. എന്നാൽ യഥാർത്ഥ കാരണം ഇതല്ലെന്ന് പൊലീസ് ഉറച്ച് വിശ്വസിച്ചു. അന്വേഷണത്തിനൊടുവിൽ കേദലിന് കുടുംബത്തോടുള്ള കടുത്ത പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിനായുള്ള പദ്ധതി കേദൽ മുൻപെ തന്നെ തുടങ്ങിയിരുന്നു. കഴുത്തിൽ വെട്ടിക്കൊല്ലുന്നത് എങ്ങനെയെന്ന് കേദൽ തിരഞ്ഞതായി ഗൂഗിൾ സെർച്ച് ഹിസ്റ്ററിയിലൂടെ പൊലീസ് കണ്ടെത്തി. പിന്നാലെ മുറിയിൽ ഡമ്മിയുണ്ടാക്കി മഴുകൊണ്ട് വെട്ടി പഠിച്ചു. പിന്നാലെ 2017 ഏപ്രിൽ അഞ്ചിന് കമ്പ്യൂട്ടർ പ്രോഗ്രം കാണാൻ വിളിച്ചു വരുത്തിയ ശേഷം ആദ്യം അമ്മയെ വെട്ടി വീഴ്ത്തി. പിന്നാലെ അച്ഛന്‍ രാജാ തങ്കം, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരയും കൊലപ്പെടുത്തി.
അച്ഛൻ രാജാ തങ്കം കേദൽ വിദേശ പഠനം പൂർത്തിയാക്കാതെ എത്തിയതിൽ എതിർത്തതും അമ്മ ജീന്‍ പത്മ വിദേശത്ത് ജോലിക്ക് പോകാനൊരുങ്ങിയതും സഹോദരി എംബിബിഎസ് പൂർത്തിയാക്കാൻ പോകുന്നതുമെല്ലാം തന്നെ അവഗണിക്കുന്നുവെന്ന തോന്നലിന് ഇടയാക്കി. പിന്നാലെ കുടുംബത്തെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പിടിയിലായതിന് ശേഷം കേസിനെ വഴി തിരിച്ച് വിടാൻ മാനസികാരോഗ്യവിദഗ്ദനോട് ഉൾപ്പടെ കേദൽ ആഭിചാരത്തിൻ്റെ കഥകൾ പറഞ്ഞു. എന്നാൽ പൊലീസ് ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.
2017 ഏപ്രില്‍ 9 നാണ് കൂട്ടക്കൊലപാതകം പുറത്തറിയുന്നത്. ഏപ്രില്‍ 5, 6 തീയതികളിലായിരുന്നു കൊലപാതകം. വീട്ടിനുള്ളിലിട്ട് തീ കൊളുത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദല്‍ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേദല്‍ മാനസിക പ്രശ്‌നം അനുഭവിക്കുന്ന വ്യക്തിയാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പൂജപ്പുര ജയിലിലാണ് കേദല്‍ നിലവില്‍ ഉള്ളത്.
Content Highlights- 'Witchcraft, mental health issues'; Kedal used various methods to divert the investigation, police also failed to fall for false stories