
കണ്ണൂർ: കണ്ണൂരിലും കോട്ടയത്തും കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ. കെ സുധാകരൻ അധ്യക്ഷ ചുമതലയിൽ തുടരണമെന്നാണ് ആവശ്യം. 'കോൺഗ്രസ് പടയാളികൾ' എന്ന പേരിലാണ് കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പ്രസിഡന്റിന്റെ കൂടെ കൂടിയവരല്ല, കെ സുധാകരന്റെ കൂടെ കൂടിയവരാണ് തങ്ങളെന്നും പോസ്റ്ററിലൂടെ മുന്നറിയിപ്പ് നൽകുന്നു.
കോട്ടയം പൂഞ്ഞാറിലാണ് കെ സുധാകരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'സേവ് കോൺഗ്രസ് രക്ഷാസമിതി'യുടെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ. സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരട്ടെ എന്ന് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വരാൻ നട്ടെല്ലുള്ള നായകൻ വേണമെന്നും ഫ്ലക്സിലുണ്ട്.
അധ്യക്ഷപദവി ഒഴിയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിക്കുന്നതിനായി നേതാക്കളുടെ പിന്തുണ കെ സുധാകരൻ തേടിയെന്നാണ് വിവരം.
എന്നാൽ സമ്പൂർണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തിൽ കെ സുധാകരനെ മാറ്റാൻ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.
കെ സുധാകരൻ നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരൻ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരൻ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തുന്നു. ഏത് സമയവും നേതൃമാറ്റ പ്രഖ്യാപനം ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വേണം കരുതാൻ.
ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മറ്റിയെ രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനേയും, തദ്ദേശ തിരഞ്ഞെടുപ്പിനേയും നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ സുധാകരനെ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കെ സുധാകരന്റെ വാദം.
Content Highlights: Posters in support of K Sudhakaran in Kannur