Top

അനുഭവസ്പർശത്തിന്റെ ഭംഗി; മലയാളത്തിനും ഇനി സ്വന്തമായി ആംഗ്യഭാഷാലിപി

സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ചേർന്നതാണ് ഏകീകൃത ആംഗ്യഭാഷാലിപി.

29 Sep 2021 4:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനുഭവസ്പർശത്തിന്റെ ഭംഗി; മലയാളത്തിനും ഇനി സ്വന്തമായി ആംഗ്യഭാഷാലിപി
X

മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ തയ്യാറാക്കിയ അക്ഷരമാല ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനംചെയ്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാലിപി - ഫിംഗർ സ്പെല്ലിങ് - രൂപകല്പന ചെയ്തത്. ഏകീകൃത ആംഗ്യഭാഷാലിപി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്രയുംപെട്ടെന്ന് പ്രാപ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകളിലും സാർവ്വത്രികമായി പ്രചരിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെടും.

സംസ്ഥാനത്തെ ബധിരവിദ്യാലയങ്ങളിലെ അധ്യാപകരെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്രശ്നത്തിനാണ് മലയാളത്തിൽ ആംഗ്യഭാഷാ അക്ഷരമാല വരുന്നതോടെ പരിഹാരമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. . ഇംഗ്ലീഷിനും ഹിന്ദിക്കും സ്വന്തമായ അക്ഷരമാലയുണ്ട്. നിലവിൽ ചുണ്ടുകളുടെ ചലനം നോക്കിയും കൈകളിൽ എഴുതിക്കാണിച്ചുമാണ് ശ്രവണപരിമിതർക്ക് ആശയവിനിമയം നടക്കുന്നത്. ഇതിലെ പരിമിതി അനുഭവിച്ചറിഞ്ഞ അധ്യാപകരും കുട്ടികളും ചേർന്നാണ് ഫിംഗർ സ്പെല്ലിങ് രൂപകല്പന ചെയ്തിരിക്കുന്നത്. അവരുടെ അനുഭവസ്പർശത്തിന്റെ ഭംഗി അവരുണ്ടാക്കിയ ലിപികൾക്കും ഉണ്ട് - മന്ത്രി പറഞ്ഞു.

സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ചേർന്നതാണ് ഏകീകൃത ആംഗ്യഭാഷാലിപി. ഇത്തരം നവീന സംരംഭങ്ങൾക്ക് മുൻകൈയെടുക്കുന്ന നിഷിനെ ലോകനിലവാരത്തിലുള്ള സ്ഥാപനമാക്കാൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.




ഫിങ്ഗർ സ്പെല്ലിംഗ് രൂപകല്പന ചെയ്ത ആംഗ്യഭാഷാ വിദഗ്ധരും നിഷിലെ ബധിര അദ്ധ്യാപകരുമായ അരുൺ ഗോപാൽ, സന്ദീപ് കൃഷ്ണൻ, പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും ബധിരയുമായ രാഖി രവീന്ദ്രന്‍ എന്നിവരെ ചടങ്ങിൽ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. നിഷ് ഡിഗ്രി വിഭാഗത്തിന്‍റെയും ഓൾ കേരള അസോസിയേഷൻ ഫോർ ദി ഡെഫിന്റെയും സഹകരണത്തോടെയാണ് ലിപിയുടെ രൂപകല്പന. സെപ്റ്റംബർ അവസാനവാരം വരെ നീണ്ടുനിൽക്കുന്ന 'അന്താരാഷ്‌ട്ര ബധിര വാരാചരണത്തിന്റെ ഭാഗമായാണ് ലിപി പ്രകാശനംചെയ്തത്.

Popular Stories

    Next Story