Top

ഹാർദിക്ക് പോയതിന് പിന്നാലെ നരേഷ് പട്ടേലിനെ ആകർഷിക്കാൻ കോൺ​ഗ്രസ്; പട്ടീദാർ നേതാവിന്റെ വരവ് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ

പാർട്ടിയിലെ പ്രമുഖ സ്ഥാനവും സൗരാഷ്ട്രയിലെ മുപ്പതോളം സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള അധികാരവും നരേഷിന് നൽകിയേക്കുമെന്നും വിശകലന വിദ​ഗ്ദർ അറിയിക്കുന്നു

22 May 2022 7:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹാർദിക്ക് പോയതിന് പിന്നാലെ നരേഷ് പട്ടേലിനെ ആകർഷിക്കാൻ കോൺ​ഗ്രസ്; പട്ടീദാർ നേതാവിന്റെ വരവ് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ
X

ഗുജറാത്ത്: ഹാർദിക് പട്ടേൽ കോൺ​ഗ്രസ് വിട്ടതിനുപിന്നാലെ മറ്റൊരു പട്ടീദാർ മുഖത്തെ കൂടെക്കൂട്ടാൻ പ്രതിപക്ഷ ശ്രമം. ഖോദൽധാം തലവൻ നരേഷ് പട്ടേലിനെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സൗരാഷ്ട്രയിൽ സ്വാധീനമുള്ള വ്യവസായിയായ നരേഷ് പട്ടേൽ കഗ്‌വാഡിലെ ഖോദൽ മാതാ ക്ഷേത്രം ട്രസ്റ്റിന്റെ തലവനുമാണ്. അതേസമയം നരേഷ് പട്ടേലിന്റെ കോൺഗ്രസിലേക്കുള്ള പ്രവേശനം അധികം വെെകാതെ തന്നെ ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സൗരാഷ്ട്രയിലെ കച്ച് മേഖലകളിൽ ആധിപത്യം പുലർത്തുന്ന പാട്ടിദാർ സമുദായത്തിന് ദേവതയാണ് ഖോദൽ മാത. സംസ്ഥാനത്തെ ഏതാണ്ട് അമ്പതോളം നിയമസഭാ സീറ്റുകളിൽ നിർണ്ണായക ഘടകമായ പാട്ടിദാർ സമുദായത്തെ സ്വാധീനിക്കാൻ ക്ഷേത്രം ട്രസ്റ്റിന്റെ തലവനായ നരേഷിന് കഴിയുമെന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ വിശ്വാസം. പാർട്ടിയിലെ പ്രമുഖ സ്ഥാനവും സൗരാഷ്ട്രയിലെ മുപ്പതോളം സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള അധികാരവും നരേഷിന് നൽകിയേക്കുമെന്നും വിശകലന വിദ​ഗ്ദർ അറിയിക്കുന്നുണ്ട്.



പൊതുരം​ഗത്തേക്ക് വരാനുള്ള ആഗ്രഹം പട്ടേൽ വളരെ നാളായി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രിയങ്കരനായ അദ്ദേഹത്തിന് കോൺഗ്രസിനോട് ആഭിമുഖ്യവുമുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ മധ്യസ്ഥതയിലുള്ള നരേഷിന്റെ പാർട്ടി പ്രവേശനത്തിനുള്ള ഒരുക്കവും ഏറെ ചർച്ചയായിരുന്നു. എന്നാൽ കോൺഗ്രസിൽ ചേരാനുള്ള കിഷോറിന്റെ ശ്രമം പൊളിഞ്ഞതോടെ ഈ ചർച്ചകളും പാളി.

എന്നാൽ ഹാർദിക് പട്ടേൽ കോൺഗ്രസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ നരേഷ് പട്ടേലിനെ പാർട്ടിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ സംസ്ഥാന ഘടകം ഊർജിതമാക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പാർട്ടിയുടെ സംസ്ഥാന മേധാവി ജഗദീഷ് താക്കൂർ, മുൻ പ്രതിപക്ഷ നേതാവ് പരേഷ് ധനാനി, മുൻ സംസ്ഥാന അധ്യക്ഷൻ അമിത് ചാവ്ദ തുടങ്ങിയ പാർട്ടിയിലെ മുതിർന്ന നേതാക്കൾ നരേഷ് പട്ടേലിനെ രാജ്‌കോട്ടിലെ ഫാംഹൗസിലെത്തി കാണുകയും ചെയ്തിരുന്നു.

Story highlights: Congress trying to attract Naresh Patel while Hardik left the party; Assessing that the arrival of the Patidar leader will be beneficial

Next Story