Top

കെഎസ്ആര്‍ടിസിയില്‍ 'റ്റോമോ' ക്ലാസ് മുറികളുണ്ടാകുമോ?; ടോട്ടോച്ചാനിലെ ജാപ്പനീസ് മാതൃക ഓര്‍മ്മിപ്പിച്ച് പുതിയ പദ്ധതി

19 May 2022 12:21 PM GMT
ശ്രുതി എആർ

കെഎസ്ആര്‍ടിസിയില്‍ റ്റോമോ ക്ലാസ് മുറികളുണ്ടാകുമോ?;  ടോട്ടോച്ചാനിലെ ജാപ്പനീസ് മാതൃക ഓര്‍മ്മിപ്പിച്ച് പുതിയ പദ്ധതി
X

കേരളത്തില്‍ ഒരുങ്ങുന്ന ലോഫ്‌ളോര്‍ ക്ലാസ്മുറികള്‍ ഓര്‍മ്മിക്കുന്നത് 1970കളില്‍ ജപ്പാനിലുണ്ടായിരുന്ന സൊസാകു കൊബയാഷി മാഷിന്റെ റ്റോമോ ക്ലാസ്മുറികളെയാണ്.'ടോട്ടോച്ചാന്‍' എന്ന ആത്മകഥയിലൂടെ ജാപ്പനീസ് താരമായ തെത്‌സ്‌കോ കുറോയാനഗിയാണ് കൊബയാഷി മാഷിനെയും ടോമോയെയും ലോകത്തിന് പരിചയപ്പെടുത്തുന്നത്.


കൊബയാഷി മാഷിന്റെ റ്റോമോകള്‍ വിദ്യാഭ്യാസ വിപ്ലവമായിരുന്നു. റ്റോമോയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ജീവിത്തിലുടനീളം വിദ്യാര്‍ത്ഥികള്‍ പിന്തുടര്‍ന്നിരുന്നു. മത്സരാധിഷ്ഠിത ശൈലിയില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗീക വാസനകള്‍ വളര്‍ത്തുന്നതില്‍ റ്റോമോയിലെ ഓരോ അധ്യാപകരും പ്രത്യേക ശ്രദ്ധപുലര്‍ത്തി. ഒരിക്കലും അവസാനിക്കാത്ത അറിവിന്റെ യാത്രയായിരുന്നു അവര്‍ക്ക് റ്റോമോയിലെ പഠനം.


സ്‌റ്റേറ്റ് സിലബസിന്റെ അഞ്ചാം തരത്തില്‍ കൃഷിമാഷ് എന്ന എന്ന ചെറിയ പാഠഭാഗത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് റ്റോമോ സുപരിചിതമാണ്. കേരളത്തിലെ ലോഫ്‌ളോര്‍ ബസുകളില്‍ അറിവിനായുള്ള ഡബിള്‍ ബെല്‍ മുഴങ്ങുമ്പോള്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും അത്തരമൊരനുഭവം സമ്മാനിക്കാന്‍ ബസ് ക്ലാസ്മുറികള്‍ക്കാകുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ ദിവസമാണ് ഉപയോഗ ശൂന്യമായി കിടക്കുന്ന ലോഫ്‌ളോര്‍ ബസുകള്‍ സ്‌കൂളുകള്‍ക്ക് നല്‍കാന്‍ പോകുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇത്തരം ആവശ്യം മുന്നോട്ട് വച്ചത്. കാര്യവട്ടത്തുള്ള കേരളയൂണിവേഴ്‌സിറ്റിയുടെ ബയോഇന്‍ഫോമാറ്റിക്‌സ് വകുപ്പ് ലോഫ്‌ളോര്‍ ബസ് ഉപയോഗിച്ച് ക്ലാസ്മുറി ഒരുക്കിയിരുന്നു. പാപ്പനംകോട് ഡിപ്പോയില്‍ ഉണ്ടായിരുന്ന ബസ്സാണ് യൂണിവേഴ്‌സിറ്റിയിലേക്ക് ഇതിനായി കൊണ്ടുപോയത്. തിരുവനന്തപുരം മണക്കാട് ടിടിഇ സ്‌കൂളും മണ്ണാര്‍ക്കാടുള്ള സര്‍ക്കാര്‍ സ്‌കൂളുമാണ് ബസ് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്ന് ബസുകളാണ് ഇരു സ്‌കൂളുകള്‍ക്കുമായി അനുവദിച്ചിട്ടുള്ളത്.

ഉപയോഗശ്യൂന്യമായി കിടക്കുന്ന ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ്മുറികളായി മാറുമ്പോള്‍ കെഎസ്ആര്‍ടിസിക്കും വിദ്യാലയങ്ങള്‍ക്കും ഒരുപോലെ നേട്ടങ്ങളുണ്ട്. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്ത സ്‌കൂളുകള്‍ക്ക് ആ പരിമിതിയെ മറികടക്കാനാകും. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പൊളിക്കള്‍ നടപടിയും അതിനായി വരുന്ന ചെലവും കെഎസ്ആര്‍ടിസിക്ക് ലാഭിക്കാനാകും.

ഡല്‍ഹിയില്‍ ചലിക്കുന്ന ക്ലാസ്മുറികള്‍ ഉണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബസുകള്‍ ക്ലാസ്മുറികള്‍ ആയിമാറാന്‍ പോകുന്നത്. ഡല്‍ഹിയില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി തേജസ്യ എന്ന സന്നദ്ധ സംഘടനയാണ് 'ഹോപ്പ് ബസ്'എന്ന പേരില്‍ സംരംഭം ആരംഭിച്ചത്.

കുടുംബശ്രീ, ഹോര്‍ട്ടി കോര്‍പ്പ്, ഫിഷറീസ്, ടൂറിസം എന്നിവയ്ക്കായി ബസുകള്‍ ഗതാഗത വകുപ്പ് നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഡിഫറന്റ്‌ലി ഏബിള്‍ഡ് പഴ്‌സണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനായി ബസ് നല്‍കാനും ഗതാഗതവകുപ്പ് തയ്യാറെടുക്കുകയാണ്.


STORY HIGHLIGHTS: Low floor bus classrooms in Kerala are reminiscent of classrooms in the book Totochan
Next Story