ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

ബ്രത്തലൈസറിൽ പൂജ്യത്തിനുമുകളിൽ റീഡിങ് കാണിച്ചാൽ സസ്പെൻഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവർമാർ എത്താത്തതിന് കാരണം

dot image

കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നു കണ്ടെത്താന് കെഎസ്ആർടിസിയിൽ കൊണ്ടുവന്ന ബ്രത്തലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു. ഇതോടെ പലയിടത്തും സർവീസ് മുടങ്ങി. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സർവീസ് മുടങ്ങിയ സ്ഥിതിയുണ്ടായി. ബ്രത്തലൈസറിൽ പൂജ്യത്തിനുമുകളിൽ റീഡിങ് കാണിച്ചാൽ സസ്പെൻഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവർമാർ എത്താത്തതിന് കാരണം. ബ്രത്തലൈസർ പരിശോധനയ്ക്ക് വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേദിവസം മദ്യപിച്ച ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക് എത്താറില്ല.

പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കൽ’ പരിശോധനയിൽ, 100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോളിന്റെ അളവ് 30 മില്ലിഗ്രാം കടന്നാലേ ശിക്ഷ ഉണ്ടാവുകയുള്ളൂ. എന്നാൽ കെഎസ്ആർടിസിയിലെ രീതിയനുസരിച്ച് തലേദിവസം രാവിലെ മദ്യപിച്ചാൽ പോലും സസ്പെൻഷൻ കിട്ടും. അതിനാല് ഡ്രൈവർമാർ ‘അഡീഷണൽ ഡ്യൂട്ടി’ക്ക് വരാറില്ലെന്നാണ് യൂണിറ്റുകളിൽനിന്ന് ലഭിക്കുന്ന വിവരം. പതിവ് ഡ്യൂട്ടിക്കു പുറമേ അഡീഷണൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പല ഡിപ്പോകളും ഓടിച്ചുകൊണ്ടുപോകുന്നത്. കഴിഞ്ഞ സ്ഥലംമാറ്റത്തിനുശേഷം ഒട്ടേറെ ഡിപ്പോകളിൽ ഡ്രൈവർക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളിൽ സർവീസുകള് മുടങ്ങാറുമുണ്ട്.

ബ്രത്തലൈസർ പരിശോധനയെ തുടർന്ന് 204 ജീവനക്കാരെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിൽ നൂറിലേറെപ്പേർ ഡ്രൈവർമാണ്. ഇതിനുപുറമേ മെയ് മാസത്തിൽ 274 ഡ്രൈവർമാർ വിരമിക്കുന്നുമുണ്ട്. ഇതോടെ കോർപ്പറേഷനിൽ ഡ്രൈവർക്ഷാമം രൂക്ഷമാകും. ഇത് പരിഹരിക്കാനായി വിരമിക്കുന്ന ഡ്രൈവർമാരിൽ തുടരാൻ താത്പര്യമുള്ളവരെ അതത് യൂണിറ്റുകളിൽ തന്നെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

dot image
To advertise here,contact us
dot image