മോദി സർക്കാരിനെതിരെ എഴുത്തുകാരിയുടെ മുൻ ട്വീറ്റുകൾ; അക്ഷയ് കുമാറിന്റെ 'രക്ഷാ ബന്ധൻ' ബഹിഷ്ക്കരിക്കാൻ ട്വിറ്ററിൽ ഹാഷ്ടാഗ് ക്യാംപെയിൻ
ലാൽ സിങ് ഛദ്ദ ബഹിഷ്ക്കരിക്കാനുള്ള ക്യാംപെയിൻ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ആളുകൾ തന്റെ സിനിമ കാണണമെന്നും അടുത്തിടെ ആമീർ ഖാൻ പറഞ്ഞിരുന്നു.
2 Aug 2022 2:11 PM GMT
ഫിൽമി റിപ്പോർട്ടർ

ആഗസ്ററ് പതിനൊന്നിന് തിയേറ്ററുകളിൽ നേർക്കുനേർ പോരാടാൻ ഒരുങ്ങുന്ന ചിത്രങ്ങളാണ് ആമീർ ഖാന്റെ 'ലാൽ സിങ് ഛദ്ദ'യും അക്ഷയ് കുമാറിന്റെ 'രക്ഷാ ബന്ധനും'. ആമീർ ഖാൻ ചിത്രം ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗ് ക്യാംപെയിനുകൾ ട്വിറ്ററിൽ സജീവമാണ്. ഇപ്പോൾ അക്ഷയ് കുമാർ ചിത്രം 'രക്ഷാ ബന്ധൻ' ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗ് സജീവമാകുകയാണ് ട്വിറ്ററിൽ.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് കനിക ധില്ലൻറെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കിയാണ് ചിത്രം ബഹിഷ്ക്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരുകൂട്ടംപേർ രംഗത്ത് വന്നിരിക്കുന്നത്. പൗരത്വ ബിൽ, പശുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളോട് അതൃപ്തി അറിയിച്ചുകൊണ്ട് കനിക മുൻപ് നടത്തിയ ട്വീറ്റുകൾ ആണ് ഒരുകൂട്ടംപേർ ചിത്രം ബഹിഷ്ക്കരിക്കാൻ ആവശ്യപ്പെട്ട് ഇപ്പോൾ ഉപയോഗിക്കുന്നത്.
തന്റെ സഹോദരിമാർക്ക് നല്ല ഭാവി ഉറപ്പാക്കാൻ ജീവിതം ത്യജിക്കാൻ തയ്യാറായ ഒരു ജ്യേഷ്ഠന്റെ കഥ പറയുന്ന രക്ഷാ ബന്ധന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കനികയും ഭർത്താവ് ഹിമാൻഷു ശർമ്മയും ചേർന്നാണ്. ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അക്ഷയ്ക്ക് പുറമെ ഭൂമി പെഡ്നേക്കർ, സഹെജ്മീൻ കൗർ, ദീപിക ഖന്ന, സാദിയ ഖത്തീബ്, സ്മൃതി ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആനന്ദ് എൽ റായ് ആണ് ചിത്രത്തിന്റെ സംവിധാനം.
ലാൽ സിങ് ഛദ്ദ ബഹിഷ്ക്കരിക്കാനുള്ള ക്യാംപെയിൻ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ആളുകൾ തന്റെ സിനിമ കാണണമെന്നും അടുത്തിടെ ആമീർ ഖാൻ പറഞ്ഞിരുന്നു. ടോം ഹാങ്ക്സ് നായകനായ ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക ഹിന്ദി റീമേക്ക് ആയ ലാൽ സിംഗ് ഛദ്ദയിൽ കരീന കപൂർ ഖാനും നാഗ ചൈതന്യയും ആണ് മറ്റ് പ്രധാന അഭിനേതാക്കൾ.
Story highlights: Hashtag campaign on Twitter to boycott Akshay Kumar's 'Raksha Bandhan'