സിംഗിള്‍-ചാനല്‍ എബിഎസ് ഡിസ്‌ക് ബ്രേക്ക്; പുതുക്കിയ ടിവിഎസ് റൈഡര്‍ 125 ഉടന്‍ പുറത്തിറങ്ങും

ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയമായ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ടിവിഎസ് റൈഡര്‍ 125

ഈ ഉത്സവ സീസണില്‍ കൂടുതല്‍ അപ്‌ഡേറ്റുകളോടെ റൈഡര്‍ 125 അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്. ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയമായ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ടിവിഎസ് റൈഡര്‍ 125. നിരവധി അപ്‌ഡേറ്റുകളോടെയായിരിക്കും ബൈക്ക് പുറത്തിറക്കുക എന്നതാണ് റിപ്പോര്‍ട്ട്. പുതിയ കളര്‍ ഓപ്ഷനുകളിലും വാഹനം ലഭിക്കും.

പുതുക്കിയ ടിവിഎസ് റൈഡര്‍ 125-ല്‍ റിയര്‍ ഡിസ്‌ക് ബ്രേക്കും സിംഗിള്‍-ചാനല്‍ എബിഎസും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് സവിശേഷതകളും എക്‌സിക്യൂട്ടീവ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനെ മുമ്പത്തേക്കാള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും. 2026 ജനുവരി മുതല്‍ എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും സിംഗിള്‍-ചാനല്‍ എബിഎസ് സിസ്റ്റം ഉണ്ടായിരിക്കേണ്ട ഒരു പുതിയ നയം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അപ്ഡേറ്റ് ചെയ്ത റൈഡര്‍ 125 ന്റെ വില ടിവിഎസ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

നിലവില്‍ മോട്ടോര്‍സൈക്കിളില്‍ ലഭ്യമായ കോമ്പി-ബ്രേക്കിംഗ് സിസ്റ്റത്തില്‍ നിന്ന് ഒരു പടി കൂടിയായിരിക്കും സിംഗിള്‍-ചാനല്‍ എബിഎസ്. മാത്രമല്ല, പുതിയ ലുക്കിനായി പുതിയ പെയിന്റ് സ്‌കീമും പുതിയ ബോഡി ഗ്രാഫിക്‌സും റൈഡറില്‍ വരാന്‍ സാധ്യതയുണ്ട്. 7,500 rpm-ല്‍ 11.22 bhp കരുത്തും 6,000 rpm-ല്‍ 11.75 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124.8 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനില്‍ നിന്ന് പവര്‍ ഈ വാഹനത്തിലും ഉണ്ടാകും. ബൈക്കിന് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും ഉണ്ട്. നിലവില്‍, മോട്ടോര്‍സൈക്കിളിന്റെ ബേസ് ട്രിമ്മില്‍ ഡ്രം ബ്രേക്ക് സജ്ജീകരണമുണ്ട്, അപ്ഡേറ്റ് ചെയ്ത മോഡല്‍ വരുന്നതോടെ ഇത് നിര്‍ത്തലാക്കാനാണ് സാധ്യത.

പുതിയ സുരക്ഷാ സാങ്കേതികവിദ്യയുടെ ഫലമായി അപ്ഡേറ്റ് ചെയ്ത ടിവിഎസ് റൈഡര്‍ 125 ന് വില കൂടാന്‍ സാധ്യതയുണ്ട്. ബേസ് ഡ്രം വേരിയന്റിന് നിലവില്‍ ബൈക്കിന്റെ വില 80,500 രൂപ ആണ്. ഇത് 5,000-6,000 രൂപ വരെ വര്‍ദ്ധനവ് ഉണ്ടാകാനാണ് സാധ്യത. പുതുക്കിയ ടിവിഎസ് റൈഡര്‍ 125 നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. വിപണിയില്‍ സെഗ്മെന്റില്‍ ഹോണ്ട SP 125, ഹീറോ ഗ്ലാമര്‍ 125 X, തുടങ്ങിയ മോഡലുകളുമായി ഈ മോട്ടോര്‍സൈക്കിള്‍ മത്സരിക്കാനാണ് സാധ്യത.

Content Highlights: TVS to Launch Updated Raider 125

To advertise here,contact us