അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള കഠിനശ്രമമാണ് ഇന്ത്യ നടത്തുന്നത്. റെയിൽ - റോഡ് പദ്ധതികൾക്കായി ചെലവഴിക്കുന്നത് കോടികളാണ്. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട നടപടികൾ ഓരോന്ന് പൂർത്തീകരിച്ച് വരുമ്പോൾ, ഒരു വമ്പൻ നീക്കമാണ് ഇന്ത്യ നടത്താനൊരുങ്ങുന്നത്. നെക്സ്റ്റ് ജനറേഷൻ ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. ഇ - 10 ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കാനുള്ള കരാറിൽ ഇന്ത്യയും ജപ്പാനും ഉടനടി ഒപ്പ് വയ്ക്കുമെന്നാണ് വിവരം.
ഇരുരാജ്യങ്ങളും കരാർ ഒപ്പിടാൻ തീരുമാനിച്ചതായി പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ പ്രത്യേകം രൂപകൽപന ചെയ്ത ഷിൻകാൻസനാണ് ഇവിടെ സർവീസ് നടത്തുക. ജപ്പാന്റെ അഡ്വാൻസ്ഡ് ALFA - X മോഡലിൽ നിന്നാണ് ഇ - 10 ഷിൻകാൻസൻ വികസിപ്പിച്ചിരിക്കുന്നത്.
2027ൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്ന മുംബൈ - അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതിയെ ശക്തിപ്പെടുത്തുന്നതാണ് പുത്തൻ കരാർ. ഈ പ്രോജക്ടിന്റെ മുഴുവൻ നിർമാണവും 2029ഓടെ പൂർത്തികരിക്കാനാണ് തീരുമാനം. നാല് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച മാരുതി - സുസുക്കി സംയുക്ത സംരംഭം പോലെ വലിയ വിജയമായി തീരും പുത്തൻ പദ്ധതിയെന്നാണ് വിലയിരുത്തലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയ്ക്ക് ജപ്പാൻ നൽകുമെന്ന് അറിയിച്ച ഇ - 5 മോഡലിനെക്കാൾ വേഗതയാണ് ഇ -10നുള്ളത്. ഇ -5 മണിക്കൂറിൽ 320കിലോമീറ്റർ വേഗതയിൽ കുതിക്കുമ്പോൾ ഇ- 10 മണിക്കൂറിൽ നാനൂറ് കിലോമീറ്റർ വേഗതയിലാകും സഞ്ചരിക്കുക. 2.5 മണിക്കൂറിൽ ആയിരം കിലോമീറ്റർ മറികടക്കാൻ ഈ ട്രെയിന് സാധിക്കും. ഈ പദ്ധതിയിലൂടെ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ നിർമാണ ഹബ്ബ് ആകുന്നതിനൊപ്പം കയറ്റുമതിയിലും ഇടം നേടും. ട്രെയിൻ അപകടങ്ങളിൽ ഇതുവരെ ഒരു മരണം പോലും ഷിൻകാൻസെന്നിന്റെ പേരിലില്ലാത്തത് ഇതിന്റെ സുരക്ഷ റെക്കോർഡിന് മാറ്റുകൂട്ടുന്നതാണ്. 1964ലാണ് ഇത് ലോഞ്ച് ചെയ്തത്.Content Highlights: India to produce E - 10 shinkansen bullet train soon