ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എംപിയുടെ മകന് റെയ്ഹാന് വാദ്രയുടെ ചിത്ര പ്രദര്‍ശനത്തിന് നിയന്ത്രണം. ബിക്കാനീര്‍ ഹൗസില്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് പ്രദര്‍ശനം ആരംഭിക്കാനിക്കെ 105 ചിത്രങ്ങളില്‍ 75 ചിത്രങ്ങള്‍ വിലക്കി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശനത്തിലുണ്ടായിരുന്നു.
ചിത്രങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും തങ്ങള്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്നും റെയ്ഹാന് ദ പ്രിന്റിനോട് പ്രതികരിച്ചു. ചിത്രങ്ങള്‍ നീക്കിയില്ലെങ്കില്‍ പ്രദര്‍ശനം റദ്ദാക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും റെയ്ഹാന് വ്യക്തമാക്കി. വന്യജീവി ഫോട്ടോഗ്രാഫികള്‍ അടക്കം പ്രദര്‍ശിപ്പിക്കുന്ന എക്സിബിഷനില്‍ കഴിഞ്ഞ ആറ് മാസമായി ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങളും പ്രധാനമായി ഇടംപിടിച്ചിരുന്നു. ചിത്രങ്ങള്‍ വളരെ രാഷ്ട്രീയ സ്വഭാവമുള്ളതാണെന്ന് ബിക്കാനീര്‍ ഹൗസ് അധികൃതർ അറിയിച്ചെന്നും റെയ്ഹാന് വ്യക്തമാക്കുന്നു. ഫോട്ടോകള്‍ ഏറെയും യുവജന പ്രതിഷേധങ്ങളില്‍ നിന്നുള്ളതായിരുന്നു. ഒരു കലാകാരന് എന്ന നിലയില്‍ കഴിഞ്ഞ ആറ് മാസമായുള്ള ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് കരുതുന്നുവെന്നും റെയ്ഹാന് പറഞ്ഞു.
ദേശീയ പതാകയുടെ രണ്ട് ചിത്രങ്ങളും നീക്കാന്‍ ബിക്കാനീര്‍ ഹൗസ് മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും അക്കാര്യം താന്‍ നിരസിച്ചു. ദേശീയ പതാകയുടെ ചിത്രം താന്‍ നീക്കില്ല. നിലവിലെ സാഹചര്യത്തില്‍ ബിക്കാനീര്‍ ഹൗസില്‍ നിശ്ചയിച്ച ചിത്രപ്രദര്‍ശനം ഭാഗികമായി മാത്രമായിരിക്കും നടക്കുകയെന്നും മറ്റൊരു വേദി കണ്ടെത്തി ഇതില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത ചിത്രം ഉള്‍പ്പെടുത്തി മറ്റൊരു പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും റെയ്ഹാന് വ്യക്തമാക്കി.
Content Highlights: Restrictions imposed on the art exhibition of Raihan Vadra, son of Congress leader and MP Priyanka Gandhi Vadra